ശബരിമല: 
പൂജാദ്രവ്യങ്ങളിലെ മായം ചേർക്കലിനെതിരെ മുന്നറിയിപ്പുമായി ശബരിമല തന്ത്രി. ശബരിമലയിൽ നെയ്യഭിഷേകത്തിന് വരുന്ന ഭക്തർ മായം കലർന്ന നെയ്യ് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനനര് ആവശ്യപ്പെട്ടു.

 ക്ഷേത്രത്തിലെത്തിക്കേണ്ടത് മികച്ച ദ്രവ്യങ്ങൾ മാത്രമാകണമെന്നും അദ്ദേഹം പറഞ്ഞു.

പൂജാദ്രവ്യങ്ങളിലെ മാലിന്യം കാരണം വിവിധ മൂർത്തികൾക്ക് ചൈതന്യ ലോപം ഉണ്ടാകുന്നു എന്നത് പല ക്ഷേത്രങ്ങളുടെയും ദേവപ്രശ്നങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ്. 

ശബരി മലയിൽ ഭഗവാൻ ശ്രീ അയ്യപ്പ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് നെയ്യഭിഷേകം. 

അഭിഷേക പ്രിയനെന്ന അപരനാമത്തിലും അറിയപ്പെടുന്ന അയ്യപ്പ സ്വാമിക്ക് മറ്റു ദ്രവ്യങ്ങൾ കൊണ്ടുള്ള അഭിഷേകങ്ങളും ഉണ്ടാകാറുണ്ടെങ്കിലും നെയ്യഭിഷേകമാണ് ഏറ്റവും പ്രധാനം. 

അതിനായി സമർപ്പിക്കുന്ന നെയ്യ് ശുദ്ധമായിരിക്കണം എന്നുള്ള കാര്യം പലതവണ ചർച്ച ചെയ്യപ്പെട്ടതുമാണ്. നെയ്യ് കൂടാതെ വിവിധ ക്ഷേത്രങ്ങളിൽ സമർപ്പിക്കപ്പെടുന്ന എണ്ണ ഉൾപ്പെടെയുള്ള ദ്രവ്യങ്ങളിലും പലയിടത്തും മായം കണ്ടെത്തിയിട്ടുണ്ട്.

ഇത് കൂടാതെ തീർത്ഥാടകർ പരമ്പരാഗതമായി തുടരുന്ന വ്രതാനുഷ്ഠാനങ്ങൾ തുടരുന്നതിനൊപ്പം തന്നെ ഇല്ലാത്ത ആചാരങ്ങൾ കണ്ടെത്തരുതെന്നും അദ്ദേഹം പറഞ്ഞു. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ശ്രീകോവിലിന് മുകളിൽ വസ്ത്രം ഉപേക്ഷിക്കുന്നതും ആചാരമല്ല. ഇത്തരം അനാചാരങ്ങളിൽ നിന്നും തീർത്ഥാടകർ വിട്ടുനിൽക്കണമെന്നും പറഞ്ഞു.

Post a Comment

Previous Post Next Post