മുക്കം :
വയനാട് - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ - കള്ളാടി- മേപ്പാടി തുരങ്ക പാതയുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേപ്പാടി തുരങ്ക പാതക്കെതിരെ തുടക്കം മുതല്‍ പ്രതിപക്ഷം വലിയ എതിര്‍പ്പാണ് ഉയര്‍ത്തിയത്. അതുകൊണ്ട് പദ്ധതി ഉപേക്ഷിക്കാന്‍ പറ്റില്ല. രൂപരേഖ തയ്യാറാക്കാന്‍ കൊങ്കണ്‍ റെയില്‍വെയെ ഏല്‍പ്പിച്ചു.
ചില അനുമതികള്‍ കിട്ടി. ചിലത് ഉടനെ കിട്ടും. ആവശ്യമായ പണം സംസ്ഥാനം തന്നെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചുരുക്കം ചില ഇനങ്ങൾക്ക് മാത്രം ആണ് കേന്ദ്ര സഹായം നൽകുന്നത്.90 ശതമാനം പേർക്കും കേന്ദ്രത്തിന്‍റെ കയ്യിൽ നിന്ന് ഒരു രൂപ പോലും കിട്ടുന്നില്ല. സംസ്ഥാനത്തെ പുറകോട്ട് അടിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്ക പാത, 900 കോടി രൂപ കിഫ്ബിയിൽ നിന്ന് ചിലവഴിച്ച് മൂന്ന് മാസം കൊണ്ട് നിർമ്മാണം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇതുവരെയും തുടര്‍ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.
വനത്തിലൂടെയാണ് 8 കിലോ മീറ്റർ തുരങ്കം. മാസങ്ങള്‍ക്ക് മുമ്പാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചത്. പദ്ധതിക്കായി ഉപയോഗിക്കുന്ന വനഭൂമിക്ക് പകരം 17.263 ഹെക്ടര്‍ ഭൂമിയില്‍ വനം വെച്ചു പിടിപ്പിക്കണമെന്ന നിര്‍ദേശമാണ് മന്ത്രാലയം നല്‍കിയിട്ടുള്ളത്.
പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയാവും ഇത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ തുരങ്ക പാതകളിലൊന്നായും മാറും. 6.8 കിലോമീറ്ററാണ് തുരങ്കത്തിന്‍റെ ദൈര്‍ഘ്യം. തുരങ്കത്തിലേക്കുള്ള അപ്രോച്ച് റോഡുകളും ചേര്‍ത്താല്‍ 7.826 കിലോമീറ്ററാകും.
Post a Comment