ഓമശ്ശേരി: മാലിന്യ സംസ്കരണ രംഗത്ത്‌ കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനായി ഓമശ്ശേരിയിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.

മാലിന്യ മുക്തം,നവകേരളം കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌ പഞ്ചായത്ത്‌ ഭരണസമിതി ഹരിതസഭ സംഘടിപ്പിച്ചത്‌.

ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഹരിതസഭയിൽ പഞ്ചായത്തിലെ 10 വിദ്യാലയങ്ങളിൽ നിന്നായി ഇരുന്നൂറിൽ പരം വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ പങ്കെടുത്തു.

പുതുതലമുറകളിൽ മാലിന്യ നിർമാർജനത്തെക്കുറിച്ച്‌ അവബോധം കൊണ്ടുവരാനും മാലിന്യമുക്ത നവകേരളത്തിന്‌ പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും ഹരിതസഭയിൽ ഗ്രൂപ്പ്‌ ചർച്ചകൾ നടന്നു.

ഓരോ വിദ്യാലയങ്ങളേയും പ്രതിനിധീകരിച്ച്‌ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്ത ടീം ലീഡർമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ശുചിത്വ സന്ദേശമുൾക്കൊള്ളുന്ന ഫ്ലാഷ്‌ മോബുൾപ്പടെയുള്ള വിവിധ കലാപരിപാടികളും അരങ്ങേറി.സമൂഹത്തിൽ ശുചിത്വം,മാലിന്യ സംസ്കരണം എന്നിവ സംബന്ധിച്ച ഇപ്പോഴുള്ള അവസ്ഥക്ക്‌ മാറ്റം കൊണ്ടുവരുന്നതിന്‌ ഏറ്റവും യോജിച്ച മാർഗ്ഗം നാളത്തെ പൗരന്മാരായ ഇന്നത്തെ വിദ്യാർത്ഥികളിൽ ഇവ സബന്ധിച്ച അവബോധം സൃഷ്‌ടിക്കുകയാണെന്നും മാറ്റം വിദ്യാലയങ്ങളിൽ നിന്ന് തന്നെ തുടങ്ങുമെന്നും അതിനായി ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ മാതൃകയായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുമെന്നും ഹരിതസഭാംഗങ്ങൾ പ്രതിജ്ഞയെടുത്തു.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി തദ്ദേശ സ്വയം ഭരണ സ്ഥാപനതല റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്തംഗം സൈനുദ്ദീൻ കൊളത്തക്കര,ആർ.എസ്‌.സരിത ടീച്ചർ,അമേയ ഗിരീഷ്‌ എന്നിവർ പ്രസംഗിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതവും പഞ്ചായത്തംഗം പി.കെ.ഗംഗാധരൻ നന്ദിയും പറഞ്ഞു.പഞ്ചായത്ത്‌ മെമ്പർമാരായ സി.എ.ആയിഷ ടീച്ചർ,ഒ.പി.സുഹറ,പി.ഇബ്രാഹീം ഹാജി,അധ്യാപക-വിദ്യാർത്ഥി പ്രതിനിധികളായ ഇ.കെ.ഷൗക്കത്തലി മാസ്റ്റർ,ജിനോ ആന്റണി ജിൽക്‌ നെടുങ്കല്ലേൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത്‌ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരിയിൽ കുട്ടികളുടെ ഹരിതസഭ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post