അറസ്റ്റിലായ നിതിൻ ഫൗജി, രോഹിത് റാത്തോഡ്, ഉദ്ധം
ജയ്പുർ: രാജസ്ഥാനിലെ വലതുപക്ഷ ഗ്രൂപ്പായ ശ്രീ രാഷ്ട്രീയ രജ്പുത് കർണി സേനയുടെ അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗമേദിയെ വെടിവെച്ചുകൊന്ന അക്രമിസംഘം പിടിയിൽ.
രണ്ട് ഷൂട്ടർമാരും ഒരു സഹായിയും അടക്കം മൂന്നു പേരാണ് അറസ്റ്റിലായത്. ഇന്നലെ അർധരാത്രി ചണ്ഡിഗഡിൽ ഡൽഹി ക്രൈംബ്രാഞ്ചും രാജസ്ഥാൻ പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികളെ പിടികൂടിയത്.
രോഹിത് റാത്തോഡ്, നിതിൻ ഫൗജി എന്നിവരാണ് പിടിയിലായ ഷൂട്ടർമാർ. ഉദ്ധമാണ് അറസ്റ്റിലായ മൂന്നാമൻ. ഗോഗമേദി കൊലപാതകത്തിൽ ഉദ്ധമിന്‍റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
കൊലപാതകം നടത്തിയ ശേഷം സ്കൂട്ടർ തട്ടിയെടുത്ത് രക്ഷപ്പെട്ട പ്രതികൾ ആയുധങ്ങൾ ഒളിപ്പിച്ച ശേഷം രാജസ്ഥാനിൽ നിന്ന് ഹരിയാനയിലെ ഹിസാറിൽ എത്തുകയായിരുന്നു. തുടർന്ന് ഹിമാചൽ പ്രദേശിലെ മണാലിയിലേക്ക് പോയി സംഘം ചണ്ഡീഗഡിലേക്ക് മടങ്ങുകയായിരുന്നു.
ഡിസംബർ അഞ്ചിനാണ് കർണി സേന അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗമേദിയെ ശ്യാംനഗർ മേഖലയിലെ വീട്ടിൽവെച്ച് അക്രമിസംഘം വെടിവെച്ചുകൊന്നത്. വീട്ടിലേക്ക് അതിക്രമിച്ചുകടന്ന മൂന്നു പേർ ഗോഗമേദിക്ക് നേരെ വെടിവെക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും ഗോഗമേദിയുടെ ജീവൻ രക്ഷിക്കാനായില്ല.
വെടിവെപ്പിൽ ഗോഗമേദിയുടെ സുരക്ഷ ഭടനും മറ്റൊരാൾക്കും പരിക്കേറ്റിരുന്നു. തിരിച്ചുള്ള വെടിവെപ്പിൽ അക്രമികളിൽപെട്ട നവീൻ സിങ് ശെഖാവത് കൊല്ലപ്പെട്ടു. രാജസ്ഥാനിലെ രജപുത്ര സമൂഹത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് കർണിസേന. ലോകേന്ദ്ര സിങ് കൽവിയുടെ ശ്രീ രജ്പുത് കർണി സേനയുടെ ഭാഗമായിരുന്നു ഗോഗമേദി.
എന്നാൽ, 2015ൽ കൽവിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ പുതിയ സംഘടന രൂപവത്കരിച്ചു. സഞ്ജയ് ലീല ഭൻസാലിയുടെ ‘പത്മാവതി’ സിനിമക്കെതിരായ വൻ പ്രതിഷേധങ്ങൾക്ക് ഈ രണ്ടു സംഘടനകളും ഒരു പോലെ രംഗത്തുണ്ടായിരുന്നു.
Post a Comment