കൽപ്പറ്റ : വയനാട് കൂടല്ലൂരില്‍ വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീരകര്‍ഷകന്‍ പ്രജീഷിനെ (36) കൊലപ്പെടുത്തിയ കടുവയെ പിടികൂടി. പ്രജീഷ് മരിച്ച് പത്താം ദിവസമാണ് കടുവ കൂട്ടിലായത്. വനംവകുപ്പ് സ്ഥാപിച്ച ഒന്നാമത്തെ കൂട്ടിൽത്തന്നെ കടുവ കുടുങ്ങിയെന്നാണ് വിവരം. പ്രജീഷ് കൊല്ലപ്പെട്ട കോളനി കവലയ്ക്കു സമീപത്തുള്ള കാപ്പിത്തോട്ടത്തിൽ വച്ചാണ് കടുവ കെണിയിലായത്.
ഡബ്ല്യുഡബ്ല്യുഎൽ 45 എന്ന കടുവയാണ് വനം വകുപ്പ് ഒരുക്കിയ കൂട്ടില്‍ വീണത്. നേരത്തേ കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. തുടർന്ന് കടുവയെ നിരീക്ഷിക്കാനായി 25 ക്യാമറകളും പിടികൂടാൻ മൂന്ന് കൂടും വനംവകുപ്പ് സ്ഥാപിച്ചു. അനുയോജ്യമായ സ്ഥലത്ത് എത്തിയാൽ കടുവയെ വെടിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
അതേസമയം, കർഷകനെ കൊന്ന കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. കെണിയിൽ കുടുങ്ങിയ കടുവയെ കൊല്ലാതെ ഇവിടെനിന്നു കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
Post a Comment