മുക്കം: തൊണ്ടിമ്മൽ ഗവ.എൽ.പി.സ്കൂളിൽ നാലാം ക്ലാസിലെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി പഴമയുടെ പുതുമ എന്ന പേരിൽ പഴയ കാല വീട്ടുപകരണങ്ങളുടെ പ്രദർശനവും സ്നേഹ സദ്യയും നടത്തി.
കുട്ടികൾക്ക് പരിചിതമല്ലാത്ത വിവിധ തരം വിളക്കുകളായ റാന്തൽ, പെട്രോമാക്സ് , ലക്ഷ്മി വിളക്ക്, പാനീസ്, വീട്ടുപകരണങ്ങളായ ചട്ടുകം, തെരിക,നിലം തല്ലി, കയിലാട്ട, ഉപ്പു മരിക , ചെമ്പുപാത്രങ്ങൾ, കോളാമ്പി, പഴയ കാല നാണയങ്ങൾ, സ്റ്റാമ്പുകൾ, വാർത്താ വിനിമയ ഉപാധികളായ ടെലഫോൺ, റേഡിയോ, ഇൻലന്റ്,തുടങ്ങി ധാരാളം പഴയ കാല അപൂർവ്വ വീട്ടുപകരണങ്ങൾ പ്രദർശനത്തിൽ ശ്രദ്ധയാകർഷിച്ചു. നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രദർശന വസ്തുക്കളെ കുറിച്ച് വിശദീകരണം നൽകി.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ടിൻ്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ , വാർഡ് മെമ്പർ ബീന ആറാം പുറത്ത് എന്നിവർ പ്രദർശനം സന്ദർശിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് പ്രദർശന ഉപകരണങ്ങൾ സംഘടിപ്പിച്ചത്.
നാലാം ക്ലാസിലെ താളും തകരയും എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് പന്ത്രണ്ട് ഇനം നാടൻ വിഭവങ്ങളടങ്ങിയ സ്നേഹസദ്യ സംഘടിപ്പിച്ചത്.കുട്ടികളുടെ വീടുകളിൽ പാചകം ചെയ്താണ് വിഭവങ്ങളെത്തിച്ചത്. പരിപാടികൾക്ക് പി ടി എ പ്രസിഡൻ്റ് എസ് പ്രജിത്ത്, എസ് എം സി ചെയർമാൻ സുരേഷ് തൂലിക, എം പി ടി എ ചെയർപേഴ്സൺ രഞ്ജിനി, പ്രധാനാധ്യാപിക കെ എസ് രഹ്നമോൾ സ്റ്റാഫ് സെക്രട്ടറി കെ അഹമ്മദ് ഷാഫി, എസ് ആർ ജി കൺവീനർ പി സ്മിന, കെ ശോഭന, എം ഐശ്വര്യ നേത്യത്വം നൽകി.
Post a Comment