ഓമശ്ശേരി:ഗ്രാമപഞ്ചായത്ത്‌ 2023-24 ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി ഓമശ്ശേരി ഗവ:വെറ്ററിനറി ഡിസ്പെൻസറിയിൽ  കൗ ലിഫ്റ്റ് മെഷീനുകൾ ലഭ്യമാക്കി.അസുഖം മൂലമോ പരുക്ക് മൂലമോ വീണുപോയ ഉരുക്കളെ തുടർ ചികിത്സക്കായി ഉയർത്തുന്നതിനുള്ള ഉപകരണം കർഷകർക്ക് വളരെ ആശ്വാസകരമാണ്.കർഷകരുടെ സൗകര്യാർത്ഥം കൂടത്തായി,ഓമശ്ശേരി ക്ഷീര സംഘങ്ങൾക്കായിരിക്കും കൗ ലിഫ്റ്റ്‌ മെഷീനുകളുടെ നിയന്ത്രണ ചുമതല.പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും 98,500 രൂപ ചെലവഴിച്ചാണ്‌ 2 കൗ ലിഫ്റ്റ്‌ മെഷീനുകൾ വാങ്ങിയത്‌.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി പദ്ധതി വിശദീകരിച്ചു.പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,സി.എ.ആയിഷ ടീച്ചർ,പഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്‌മാൻ,നിർവ്വഹണ ഉദ്യോഗസ്ഥ വെറ്ററിനറി സർജൻ ഡോ:കെ.വി.ജയശ്രീ,ക്ഷീര സംഘം ഭാരവാഹികളായ കരുണാകരൻ മാസ്റ്റർ,ദിനേശൻ,കേശവൻ,ലൈവ്‌ സ്റ്റോക്‌ ഇൻസ്പെക്ടർ ശ്രീജ എന്നിവർ സംസാരിച്ചു.

കിടപ്പിലാവുന്ന ഉരുക്കളെ എഴുന്നേൽപ്പിച്ച്‌ നിർത്താൻ നിലവിൽ കർഷകർ വലിയ പ്രയാസമാണനുഭവിക്കുന്നത്‌.നാലോ അഞ്ചോ ആളുകളുടെ സഹായമില്ലാതെ ഉരുക്കളെ എഴുന്നേൽപ്പിച്ച്‌ നിർത്താനാവില്ല.ഈ ദുരിതത്തിന്‌ അറുതി വരുത്തുന്നതിനാണ്‌ പഞ്ചായത്ത് കൗ ലിഫ്റ്റ്‌ ‌ പദ്ധതി നടപ്പിലാക്കിയത്‌.കർഷകർക്ക്‌ ഏറെ ഉപകാര പ്രദമായിരിക്കുകയാണ്‌ പഞ്ചായത്തിന്റെ ഈ പുതിയ പദ്ധതി.കിടന്നു പോയ ഉരുക്കളെ പായയിലേക്ക്‌ മാറ്റിക്കിടത്താനുള്ള കൗ ലിഫ്റ്റ്‌ യന്ത്രം കർഷകർക്ക്‌ സൗജന്യമായാണ്‌ ഉപയോഗത്തിന്‌ നൽകുന്നത്‌.ആവശ്യമുള്ള കർഷകർക്ക്‌ വാഹനം കൊണ്ട്‌ വന്ന് കൗ ലിഫ്റ്റ്‌ മെഷീനുകൾ ഉപാധികളോടെ സൗജന്യമായി കൊണ്ടു പോകാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഫോട്ടോ:ഓമശ്ശേരി പഞ്ചായത്തിന്റെ കൗ ലിഫ്റ്റ്‌ മെഷീനുകൾ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ക്ഷീര സംഘങ്ങൾക്ക്‌ സമർപ്പിക്കുന്നു.

Post a Comment

Previous Post Next Post