ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ കേരളവുമായി ചർച്ചക്ക് തയാറെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. ഇതുപ്രകാരം കേരളവും കേന്ദ്രവും തമ്മിൽ ചർച്ച നടക്കും. വായ്പാപരിധി ഉയർത്തണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരളം സമർപ്പിച്ച ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. കേസ് പരിഗണിക്കുന്നതിനിടെ ഇന്ന് പ്രശ്നത്തിൽ ചർച്ചക്ക് തയാറെന്ന് കേന്ദ്രസർക്കാർ അറിയിക്കുകയായിരുന്നു. തുടർന്ന് ചർച്ചക്കായി പ്രതിനിധി സംഘത്തെ അയക്കാമെന്ന് കേരളവും അറിയിച്ചു. പ്രശ്നപരിഹാരത്തിന് ചർച്ച ആയിക്കൂടെയെന്ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരു സർക്കാറുകളും കോടതിയിൽ നിലപാട് അറിയിച്ചത്.
കേരളത്തിന്റെ ധനകാര്യ സെക്രട്ടറിയും കേന്ദ്രധനകാര്യമന്ത്രിയും തമ്മിൽ ചർച്ച നടത്തട്ടെയെന്നായിരുന്നു സുപ്രീംകോടതി നിർദേശം. കോടതിയുടെ നിർദേശത്തിന് പിന്നാലെ ചർച്ചക്ക് തയാറാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. എന്നാൽ, ഉച്ചക്ക് ശേഷം നിലപാട് അറിയിക്കാമെന്നായിരുന്നു കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അറ്റോണി ജനറലിന്റെ നിലപാട്. ഉച്ചക്ക് ശേഷം ഹരജി പരിഗണിച്ചപ്പോൾ അറ്റോണി ജനറൽ വെങ്കിട്ടരമണി കോടതി നിർദേശത്തെ അങ്ങേയറ്റം ബഹുമാനത്തോടെ കാണുന്നുവെന്നും ചർച്ചക്ക് തയാറാണെന്നും അറിയിച്ചു. തുടർന്ന് സുപ്രീംകോടതി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.
ഡിസംബറിലാണ് കേന്ദ്രസർക്കാറിനെതിരെ കേരളം സുപ്രീംകോടതിയിൽ ഹരജി നൽകിയത്. കേരളത്തിന്റെ സാമ്പത്തികവിഷയങ്ങളിൽ കേന്ദ്രസർക്കാർ അനാവശ്യമായി ഇടപെടുന്നുവെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രസർക്കാറിന്റെ ചില ഭേദഗതികൾ മൂലം ബജറ്റിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യമാണെന്നും കേരളം കോടതിയിൽ വാദിച്ചു. കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചതാണ് നിലവിലുള്ള പ്രതിസന്ധിക്കുള്ള കാരണമെന്നും 26,000 കോടി രൂപ കേരളത്തിന് അടിയന്തരമായി വേണമെന്നും സംസ്ഥാന സർക്കാർ കോടതിയിൽ നൽകിയ ഹരജിയിൽ പറഞ്ഞിരുന്നു.
Post a Comment