കൊച്ചി:
വ്യാവസായികമുന്നേറ്റം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടലുകൾ ഫലം കാണുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിൻഫ്ര കാക്കനാട് നിർമിച്ച അന്താരാഷ്‌ട്ര എക്സിബിഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ചുവർഷത്തിനിടെ കേരളത്തിൽ 92,000 കോടി രൂപയോളം വന്നതായാണ് എംഎസ്എംഇ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ റിപ്പോർട്ട്. 33,815 കോടി രൂപയുടെ പദ്ധതി പൂർത്തിയായി. അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. മുടങ്ങിക്കിടന്ന 12,240 കോടിരൂപയുടെ പദ്ധതികൾ പുനരുജ്ജീവിപ്പിച്ചു.
ഉൽപ്പന്നങ്ങൾ മാത്രമല്ല, നാടിന്റെ വ്യാവസായിക അന്തരീക്ഷം, വ്യവസായം തുടങ്ങുന്നതിന് അനുഗുണമായ ഘടകങ്ങൾ തുടങ്ങിയവയും ലോകത്തിനുമുന്നിൽ അവതരിപ്പിക്കപ്പെടണം. അപ്പോഴേ ലോകശ്രദ്ധയാകർഷിക്കാനും ലോകോത്തരമായി വളരാനും കഴിയൂ. അതിനായുള്ള കേരളത്തിന്റെ ചുവടുവയ്‌പ്പാണ് പുതിയ അന്താരാഷ്‌ട്ര എക്സിബിഷൻ സെന്റർ എന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായങ്ങൾക്ക് ഭൂമി ലഭ്യമാക്കാനുള്ള പരിമിതി പൂർണമായും മറികടക്കാൻ കഴിയില്ല. ഭൂവിസ്തൃതിയുടെ 30 ശതമാനത്തോളം വനാവരണവും അത്രതന്നെ നീർത്തടവുമുള്ള സംസ്ഥാനമായതിനാലാണ് അത്. കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച സ്ഥാപനങ്ങളെപ്പോലും ഏറ്റെടുത്ത് സംസ്ഥാന സർക്കാർ മാതൃകാപരമായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിബിഷൻ സെന്റർ നിർമാണത്തിന് നേതൃത്വം നൽകിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ എം പത്മനാഭൻ, പ്രോജക്ട് മാനേജർ നിതിൻ ഇ ബെർണാർഡ് എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. മന്ത്രി പി രാജീവ് അധ്യക്ഷനായി. പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല, എ പി എം മുഹമ്മദ് ഹനീഷ്, കലക്ടർ എൻ എസ് കെ ഉമേഷ്, വാർഡ് കൗൺസിലർ എം ഒ വർഗീസ്, കിൻഫ്ര എക്സ്പോർട്ട് പ്രമോഷണൽ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാൻ സാബു ജോർജ്, കിൻഫ്ര ജനറൽ മാനേജർ ടി ബി അമ്പിളി, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق