ന്യൂദല്‍ഹി: 
കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് സോണിയ ഗാന്ധി രാജ്യസഭാംഗമാകുന്നത്.
സോണി ഗാന്ധിയ്‌ക്കൊപ്പം ബിജെപി നേതാക്കളായ ചുന്നിലാല്‍ ഗരാസിയ, മദന്‍ റാത്തോഡ് എന്നിവരും സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.


ആറ് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടിരുന്ന സോണിയാ ഗാന്ധി അടുത്ത  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് റായ്ബറേലി മണ്ഡലത്തിലെ വോട്ടര്‍മാരെ അറിയിച്ചിരുന്നു. തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച സോണിയ തന്റെ കുടുംബത്തിന് തുടര്‍ന്നും പിന്തുണ നല്‍കണമെന്നും അഭ്യര്‍ഥിച്ചിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാലാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറാനുള്ള തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1998 മുതല്‍ 2022 വരെ 22 വര്‍ഷക്കാലം കോണ്‍ഗ്രസ് അധ്യക്ഷയായിരുന്നു. 1999ല്‍ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍നിന്നും കര്‍ണാടകയിലെ ബെല്ലാരിയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട അവര്‍ അമേത്തി നിലനിര്‍ത്തി. 2004ല്‍ അമേത്തി രാഹുല്‍ ഗാന്ധിക്ക് വിട്ടുകൊടുത്ത് സോണിയ ഗാന്ധി റായ്ബറേലിയിലേക്ക് മാറി.മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1964 ഓഗസ്റ്റ് മുതല്‍ 1967 ഫെബ്രുവരി വരെ രാജ്യസഭാംഗമായിരുന്നു.

രാജസ്ഥാനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 56 രാജ്യസഭാംഗങ്ങള്‍ ഏപ്രിലില്‍ വിരമിക്കും. സോണിയ രാജ്യസഭയിലെത്തിയതോടെ റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം ഇക്കാര്യം കോൺഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Post a Comment

أحدث أقدم