പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ ശക്തന്റെ നഗരി പൂരവേശത്തിലേക്ക് വഴിമാറും.പൂരത്തെ പൂര്‍ണമാക്കുന്ന ഘടകക്ഷേത്രങ്ങളിലും രാവിലെ മുതല്‍ പൂരക്കൊടികള്‍ ഉയരും.


പല ക്ഷേത്രങ്ങളിലും രാത്രിയിലാണ് കൊടിയേറ്റം. ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ മുതല്‍ പാറമേക്കാവ് ക്ഷേത്രത്തിലെ ചടങ്ങുകള്‍ ആരംഭിക്കും. സിംഹരൂപം ആലേഖനം ചെയ്ത കൊടിക്കൂറയാണ് പൂരത്തിന് തുടക്കം കുറിച്ച് ഭഗവതിയുടെ സാന്നിദ്ധ്യത്തില്‍ ഉയര്‍ത്തുക.

ഉച്ചയ്ക്ക് 12ന് വലിയ പാണി കൊട്ടി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. ഉച്ചയ്ക്ക് 12.30നാണ് കൊടിയേറ്റം. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30നും മദ്ധ്യേയാണ് കൊടിയേറ്റ്. തിരുവമ്പാടിയില്‍ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. പൂജിച്ച കൊടിക്കൂറ മേല്‍ശാന്തി ദേശക്കാര്‍ക്ക് കൈമാറും. തുടര്‍ന്ന് കൊടിമരത്തില്‍ ചാര്‍ത്തി ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറ ഉയര്‍ത്തും.

Post a Comment

أحدث أقدم