കോഴിക്കോട്: പേരാമ്പ്രയിൽ യു.ഡി.എഫ് മാർച്ചിനിടെയുണ്ടായ പൊലീസ് മർദനത്തിൽ ഷാഫി പറമ്പിൽ എം.പിയുടെ മൂക്കിന്റെ രണ്ട് എല്ലുകൾ പൊട്ടിയതായി ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ. മൂക്കിന് പരിക്കേറ്റ് ചികിത്സ തേടിയ ഷാഫിക്ക് ശസ്ത്രക്രിയയും അഞ്ചു ദിവസത്തെ വിശ്രമവുമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രവർത്തകർ രാത്രി തെരുവിലിറങ്ങി. യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. കോഴിക്കോട്ടും തൃശൂരിലും തൊടുപുഴയിലും സംഘർഷമുണ്ടായി. ശനിയാഴ്ച സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ബ്ലോക്ക് തലത്തില്‍ പ്രതിഷേധ പ്രകടനം നടത്തും

കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എസ്.എഫ് പ്രവർത്തകർക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ പ്രകടനത്തിനു നേരെ പൊലീസ് നടത്തിയ ലാത്തിചാർജിലും കണ്ണീർവാതക പ്രയോഗത്തിലും ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. തലക്കും മൂക്കിനും പരിക്കേറ്റ ഷാഫി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ചത്തെ ആക്രമണത്തിൽ പ്രതിഷേധിച്ച്

വെള്ളിയാഴ്ച പേരാമ്പ്രയിൽ യു.ഡി.എഫ് ഹർത്താലായിരുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസ് അടപ്പിക്കാൻ ശ്രമിച്ച യു.ഡി.എഫ് പ്രവർത്തകരും പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ വി.കെ. പ്രമോദും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വ്യാഴാഴ്ച പ്രവർത്തകർക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫും വി.കെ. പ്രമോദിനെതിരെയുള്ള കൈയേറ്റ ശ്രമത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മും പേരാമ്പ്രയിൽ പ്രകടനം നടത്തി. ആദ്യം നടന്ന സി.പി.എം പ്രകടനം മാർക്കറ്റ് പരിസരത്തുനിന്ന് ആരംഭിച്ച് ബസ് സ്റ്റാൻഡിൽ സമാപിച്ചു. പിന്നീട് വന്ന യു.ഡി.എഫ് പ്രകടനം ബസ് സ്റ്റാൻഡിൽ എത്തുന്നതിനു മുമ്പ് പൊലീസ് തടഞ്ഞു. സ്റ്റാൻഡിൽ നിലയുറപ്പിച്ച സി.പി.എം പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ സംഘർഷമില്ലാതിരിക്കാനാണ് പൊലീസ് തടഞ്ഞത്. എന്നാൽ, പിരിഞ്ഞു പോകാൻ യു.ഡി.എഫ് പ്രവർത്തകർ തയാറായില്ല. തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.

ഗ്രനേഡ് കൈയില്‍നിന്ന് പൊട്ടി വടകര ഡിവൈ.എസ്.പി സി. ഹരിപ്രസാദിന് പരിക്കേറ്റു. ഇദ്ദേഹത്തെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയമാണ് ഷാഫി പറമ്പിലും കെ. പ്രവീൺ കുമാറും കെ.എം. അഭിജിത്തും എത്തുന്നത്. പിന്നീട് തുടർച്ചയായി പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിചാർജ് നടത്തുകയുംചെയ്തു. എം.പിയെ കൂടാതെ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്, കെ.പി.സി.സി മെംബര്‍ സത്യന്‍ കടിയങ്ങാട്, ഡി.സി.സി സെക്രട്ടറി പി.കെ. രാഗേഷ്, കെ.കെ. വിനോദന്‍, കുറുക്കന്‍ കുന്നുമ്മല്‍ അഷ്‌റഫ്, ഫിനാന്‍ മാക്കത്ത്, സജീര്‍ പന്നിമുക്ക്, നിയാസ് തുളുനടത്തില്‍, ഷാജി ആനാലി എന്നിവര്‍ക്കും പരിക്കേറ്റു. ഇവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിരിക്കുകയാണ്.

Post a Comment

أحدث أقدم