പത്തനംതിട്ട :
ശബരിമല തീർത്ഥാടനത്തിൽ ഇടപെടാൻ ദേവസ്വം മന്ത്രി വി എൻ വാസവന് അനുമതി ഇല്ല. സന്നിധാനത്തെ തിരക്കുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥയോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് അനുമതിയില്ല. ആവശ്യമെങ്കിൽ ഉദ്യോഗസ്ഥർ യോഗം ചേരണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും മന്ത്രിക്ക് വിലക്കുണ്ട്. ഉദ്യോഗസ്ഥ യോഗം വിളിക്കാൻ അനുമതി തേടി വി എൻ വാസവൻ രണ്ടു ദിവസം മുൻപ് സമീപിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖാ മൂലം ഇക്കാര്യം മന്ത്രിയെ അറിയിച്ചു.
അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ സംവിധാനം പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വ്യക്തമാക്കി. പന്ത്രണ്ടും പതിമൂന്നും മണിക്കൂര്‍ ക്യൂ നിന്നാണ് പലരും ദര്‍ശനം നടത്തുന്നത്. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാതെയും നിരവധി പേര്‍ മടങ്ങി. ദര്‍ശനം നടത്തിയ പലര്‍ക്കും പതിനെട്ടാം പടി ചവിട്ടാനായില്ലെന്ന അവസ്ഥയുമുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടര്‍ന്ന് ദര്‍ശനം കഴിഞ്ഞവര്‍ക്ക് നടപ്പന്തല്‍ വിട്ട് പുറത്തേക്ക് പോകാനാകാത്ത അവസ്ഥയാണ്. ഭക്തര്‍ക്ക് കുടിവെള്ളം നല്‍കാനുള്ള സംവിധാനം പോലും ഒരുക്കിയിട്ടില്ല വി ഡി സതീശൻ പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങേണ്ട മുന്നൊരുക്കത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം തടസമായെന്ന് സര്‍ക്കാര്‍ പറയുന്നത് അപഹാസ്യമാണ്.
ശബരിമലയുടെ വികസനമെന്ന പേരില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് ഇത്തവണത്തെ തീര്‍ത്ഥാടനം അലങ്കോലമാക്കിയത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തമെങ്കിലും ഏറ്റെടുക്കാന്‍ സര്‍ക്കാരും ദേവസ്വം മന്ത്രിയും തയാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Post a Comment