തിരുവമ്പാടി :
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽവെച്ച് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണം വിപുലമായ പരിപാടികളോടെ നടത്തി.
സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ വെച്ച് നടന്ന ചടങ്ങ് മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ റഹ്മാൻ ഉദ്ഘാടനം ചെയ്തു, പ്രധാന അധ്യാപിക എം ജെ ഷീബ അധ്യക്ഷത വഹിച്ചു,
പി എച്ച് എൻ ത്രേസ്യ എം ജെ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് മുസ്തഫ ഖാൻ, മനീഷ യുകെ, ശരണ്യചന്ദ്രൻ, ജെ പി എച്ച് എൻ വിജിമോൾ, എം എൽ എസ് പി സുമി അബ്രഹാം, കൃസ്റ്റി ആൻ്റണി എന്നിവർ ക്ലാസ്സെടുത്തു.
വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ, പോസ്റ്റർ പ്രചരണം, സെൽഫി കോർണർ, ഓൺലൈൻ ക്വിസ് പ്രോഗ്രാം തുടങ്ങിയവ നടത്തി.
ആൻ്റിബയോട്ടിക്കുകളുടെ കൃത്യതയില്ലാത്തതും അശാസ്ത്രീയവുമായ ഉപയോഗം രോഗാണുക്കൾക്ക് മരുന്നുകളെ പരിചിതരാക്കുകയും മരുന്നുകൾക്കെതിരെ കരുത്ത് ആർജിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യം ഉണ്ടായാൽ അവശ്യ സാഹചര്യങ്ങളിൽ ഉറപ്പായും പ്രവർത്തിക്കേണ്ട മരുന്നുകൾ ഫലപ്രദമല്ലാതെ വരികയും അണുബാധ നിയന്ത്രണവിധേയമാക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. രോഗബാധയ്ക്ക് അനുസൃതമായ മരുന്നുകൾ കൃത്യമായ ക്രമത്തിലും അളവിലും കഴിക്കുക എന്നത് വളരെ പ്രധാനമാണ്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ സാധാരണ പനിക്ക് പോലും ആന്റിബയോട്ടിക്ക് സ്വന്തം നിലയിൽ വാങ്ങി കഴിക്കുന്ന പ്രവണത ഉണ്ട്, ഇത്തരത്തിൽ പല മരുന്നുകളും നിർദ്ദേശമില്ലാതെ കഴിക്കുന്ന നമ്മുടെ പ്രവണത ദൂരവ്യാപകമായ ഫലം ഉണ്ടാകും. മാത്രവുമല്ല ഉപയോഗശൂന്യമായ മരുന്നുകൾ മണ്ണിലും വെള്ളത്തിലും
അലക്ഷ്യമായി വലിച്ചെറിയുന്നത് പോലും മരുന്നുകളുടെ സാന്നിധ്യം മണ്ണിൽ നിലനിർത്തുകയും ഭക്ഷ്യ ശൃംഖലയുടെ ഭാഗമായി മനുഷ്യരിലേക്ക് എത്താനും ഇടയാക്കുന്നു. വളർത്തുമൃഗങ്ങളുടെ കാര്യത്തിലും നിർദ്ദേശാനുസരണം അല്ലാത്ത മരുന്നുകളുടെ ഉപയോഗം ഇതേ ഫലം തന്നെയാണ് ഉണ്ടാക്കുന്നത്. കോഴി വളർത്തൽ, മത്സ്യകൃഷി തുടങ്ങിയവയിലും
ലാഭേച്ഛമൂലം തീറ്റയിലൂടെയും മറ്റും ആന്റിബയോട്ടിക്കുകൾ നൽകുന്നത് മനുഷ്യരിലേക്ക് ഒടുക്കം എത്തിച്ചേരുന്നതിനിടയാക്കുന്നു.
ഇത്തരത്തിൽ തെറ്റായ പ്രവണതകൊണ്ട് അറിഞ്ഞോ അറിയാതെയോ ആൻറി മൈക്രോബിയൽ പ്രതിരോധം എന്ന ദുരവസ്ഥ ഉണ്ടാകാനിടയുണ്ട്.
രോഗബാധ ഉണ്ടാകാതിരിക്കാനുള്ള ശുചിത്വ ശീലങ്ങൾ പാലിച്ചുകൊണ്ട് രോഗങ്ങളെ അകറ്റി നിർത്തുന്നത് മുതൽ ശരിയായ ചികിത്സ സ്വീകരിച്ച് ആരോഗ്യ ജീവിതശൈലി രൂപപ്പെടുത്തുന്നത് വരെയുള്ള, ആൻറി മൈക്രോബിയൽ പ്രതിരോധവുമായി ബന്ധപ്പെട്ട ശീലവൽക്കരണം സാധ്യമാക്കേണ്ടതുണ്ട്.

Post a Comment