റോഡ് പണിയില്‍ അനിശ്ചിതത്വം തുടരുന്നു.
തിരുവമ്പാടി :
പുല്ലൂരാംപാറ പള്ളിപ്പടി, തിരുവമ്പാടി - മുത്തപ്പന്‍പുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ജനുവരി പകുതിയോടെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ച പള്ളിപ്പടി അങ്ങാടിയില്‍ പണികള്‍ പാതിവഴിയില്‍ മുടങ്ങിയത് ജനങ്ങള്‍ക്ക് കടുത്ത ഭീഷണിയാകുന്നു.
ബസ് വെയിറ്റിംഗ് ഷെഡുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ജോലികള്‍ വെയ്റ്റിംഗ് ഷെഡ് പൊളിച്ചു മാറ്റിയിട്ടും മുന്നോട്ട് നീങ്ങുന്നില്ല.
കഴിഞ്ഞ രണ്ടുമാസമായി ശക്തമായ പൊടിശല്യമാണ് അങ്ങാടിയിലെങ്ങും. ഇതിനെത്തുടര്‍ന്ന് വ്യാപാരികള്‍ക്കും ഓട്ടോതൊഴിലാളികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ആരംഭിച്ചിട്ടുണ്ട്.
കച്ചവടസ്ഥാപനങ്ങളിലാകെ പൊടിയും മണ്ണും കയറി നിരവധി സാധനങ്ങള്‍ ദിനംപ്രതി ഉപയോഗ ശൂന്യമാവുന്ന പ്രശ്‌നവും ഉണ്ട്.
കരാറുകാര്‍ ദിനവും ഒന്നോ രണ്ടോ തവണ പേരിന് റോഡ് നനക്കുന്നുണ്ടെങ്കിലും ഇത് നിമിഷങ്ങള്‍ക്കകം വെള്ളം വലിഞ്ഞ് വീണ്ടും പൊടി ശല്യം രൂക്ഷമാകുകയാണ്.
ഇതിന്റെ ഒപ്പം ജലജീവന്‍ പൈപ്പിടല്‍ പ്രവൃത്തി കൂടി തുടങ്ങിയതോടെ ഏറെ പ്രയാസമാണ് പള്ളിപ്പടിയില്‍ അനുഭവപ്പെടുന്നത്. സ്‌കൂള്‍ സമയത്തും അല്ലാതെയും വലിയ വാഹനങ്ങള്‍ വരുന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കും പള്ളിപ്പടിയില്‍ രൂപപ്പെടുന്നുണ്ട്.
പൂര്‍ത്തിയാക്കാത്ത ഡ്രെയിനേജിനു മുകളില്‍ കരാറുകാര്‍ സ്ഥാപിച്ച താത്ക്കാലിക പാലങ്ങളൊക്കെയും ഇളകി ഏതുസമയവും യാത്രക്കാര്‍ കുഴിയില്‍ വീഴുന്ന അവസ്ഥിലെത്തിയിട്ടുണ്ട്.
അങ്ങാടിയിലെ പ്രവൃത്തികള്‍ പുനരാരംഭിക്കുന്നതിനെപ്പറ്റി കരാറുകാര്‍ ജലസേചന പൈപ്പിടല്‍കാരെയും പൈപ്പിടല്‍ കരാറുകാര്‍ റോഡ് കരാറുകാരെയും പഴിചാരി മുന്നോട്ട് പോവുകയാണ്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ തുടങ്ങിയ കാളിയാംപുഴ പാലത്തിന്റെ പ്രവൃത്തികളും ഇനിയും കഴിഞ്ഞ് ഗതാഗതയോഗ്യമായിട്ടില്ല . പാലംപൊളിച്ച് റോഡ് അടച്ചതോടെ വെട്ടിലായ പള്ളിപ്പടി നിവാസികള്‍ക്ക് കൂനിന്മേല്‍ കുരു ആയിരിക്കുകയാണ് പള്ളിപ്പടി അങ്ങാടിയിലെ അനശ്ചിതത്വം.
ഇതിനെതിരെ കടുത്ത പ്രക്ഷോഭത്തിലേക്ക് വൈകാതെ കടക്കുമെന്നും
വ്യാപാരികളും,
തൊഴിലാളികളും ,സമീപനിവാസികളും അറിയിച്ചു.

إرسال تعليق