തിരുവമ്പാടി : 
 "നാട്,നന്മ, ആരോഗ്യം "എന്ന തീമിനെ അടിസ്ഥാനമാക്കി നടത്തിയ നല്ലപാഠം പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി ബോധവും, അനുകമ്പയും, സഹജീവി സ്നേഹവുമെല്ലാം കിനിയുന്ന ഒട്ടേറെ സൽപ്രവർത്തികളാണ് 
തിരുവമ്പാടി സേക്രഡ് ഹാർട്ട്  സ്കൂൾ ചെയ്തത്.

മേലെ പൊന്നാങ്കയം ഉന്നതി ദത്തെടുത്ത് അവിടെയുള്ളവരെ വിവിധ മേഖലകളിൽ മുന്നോട്ട് കൊണ്ടുവരുന്നതിനായി വിദ്യാർത്ഥികൾ സജീവമായി പ്രവർത്തിച്ചു. കൃഷി പരിചയമില്ലാത്തവർക്ക് കൃഷിപാഠം പകർന്നു നൽകുകയും, ശുചിത്വബോധം വളർത്തുകയും, ലഹരി വിപത്തിനെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്തു.

 ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഉന്നതിയിലെ  സന്ദർശകരായി പ്രവർത്തനങ്ങളിൽ പങ്കെടുത്തു. 

ഈ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിലും കൃഷിയോടുള്ള പരിചയം, ശുചിത്വബോധം, ലഹരി വിരുദ്ധ മനോഭാവം എന്നിവ വളർത്താൻ സഹായകമായി.

ദൂരെ യാത്രകൾ ചെയ്യാത്ത ഉന്നതി നിവാസികളെ നഗര വിസ്മയങ്ങളും കടലും കാണിക്കാനും, അവരുടെ തനത് സംസ്കാരത്തെയും പൈതൃകത്തെയും മുറുകെപ്പിടിച്ചുകൊണ്ട്  *ഊര് ഉത്സവം* സംഘടിപ്പിക്കാനും  സാധിച്ചു.

 കുട്ടികൾക്ക് കളിപ്പാട്ടമായും,കായികോപകരണങ്ങൾ ആയും ഉല്ലാസമേകി. വിശേഷവസരങ്ങളിൽ സമ്മാനമായി  ഭക്ഷ്യ കിറ്റുകളും നൽകി.
 അവർക്കായി തൊഴിൽ പരിശീലനം, മെഡിക്കൽ ക്യാമ്പ് എന്നിവ  സംഘടിപ്പിച്ചു.

 ഉന്നതിയിലെ യുവാക്കൾക്ക് തൊഴിലവസരം ഒരുക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ൽ എത്തി രജിസ്റ്റർ ചെയ്യിക്കാനും വിദ്യാർത്ഥികൾ മുൻകൈയെടുത്തു.
ഒരു വീടിനു മുൻപിൽ അപകടകരമായ രീതിയിൽ നിലനിന്നിരുന്ന പാറ നീക്കം ചെയ്യാൻ ഊര് മൂപ്പനെയും കൂട്ടി കലക്ടറെ കാണാനും  നിവേദനം നൽകാനും കുട്ടികൾക്ക്‌ സാധിച്ചു.
 ഉന്നതി നിവാസികളുടെ ആവശ്യങ്ങൾ തങ്ങളാൽ കഴിയുന്ന വിധം പരിഹരിക്കാൻ അവർ പരിശ്രമിച്ചു.

 കൂടാതെ പെയിൻ ആൻഡ് പാലിയേറ്റുമായി സഹകരിച്ച് കിടപ്പുരോഗികളുടെ ഭവനങ്ങൾ സന്ദർശിക്കുന്ന ഹോം കെയർ പദ്ധതി,
 സ്ഥിരമായി മരുന്നു കഴിക്കുന്നവർക്ക് ഓരോ മാസവും മരുന്ന് വാങ്ങി എത്തിച്ചു കൊടുക്കുന്ന ജീവാമൃതം പദ്ധതി,
 നിർധനരായ ആളുകൾക്ക് മാസംതോറും ഭക്ഷ്യകിറ്റ് ലഭ്യമാക്കുന്ന സമൃദ്ധി പദ്ധതി എന്നിവയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.

 ഭിന്നശേഷി വിദ്യാർഥികളെ  ചേർത്ത് പിടിച്ചു കൊണ്ടാണ് നല്ലപാഠം മുന്നോട്ട് നീങ്ങിയത്. അവരെ ഭവനങ്ങളിൽ സന്ദർശിക്കുക, വിശേഷ അവസരങ്ങളിൽ അവർക്ക് സമ്മാനങ്ങളും മധുരവും നൽകുക, ബഡ്സ് സ്കൂൾ സന്ദർശിച്ച് അവർക്കൊപ്പം ഒരു ദിവസം ചെലവഴിക്കുക എന്നീ പ്രവർത്തനങ്ങളിലൂടെ  അവരുമായി ആത്മബന്ധം പുലർത്താൻ സാധിച്ചു.

വീൽചെയർ ആവശ്യമുള്ള രണ്ട് വിദ്യാർത്ഥികൾക്ക് അത് ലഭ്യമാക്കി കൊടുക്കുക, ഭിന്നശേഷി വിദ്യാർഥികളെയും രക്ഷിതാക്കളെയും കൊണ്ട് സൗജന്യ വിനോദയാത്ര നടത്തുക എന്നീ പ്രവർത്തനങ്ങളും കുട്ടികൾ ഉത്സാഹത്തോടെ ചെയ്തു.

 രക്തദാതാക്കളെ കണ്ടെത്തി കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് 44 യൂണിറ്റ് രക്തം നൽകാനും നമുക്ക് സാധിച്ചു.

 തിരുവമ്പാടിയിലും പരിസരപ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന  ജലജന്യ രോഗങ്ങൾക്കെതിരെ ബോധവൽക്കരണം നടത്താനും കിണറുകളിൽ ക്ലോറിനേഷൻ നടത്താനും സാധിച്ചു.
 പൊതുമുതൽ സംരക്ഷിക്കുക, പൊതു ഇടങ്ങൾ സൗന്ദര്യവൽക്കരണം നടത്തുക, വാർദ്ധക്യത്തിൽ എത്തിയവരെ ചേർത്ത് പിടിക്കുക തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങളും ചെയ്യാൻ കുട്ടികൾ മുന്നിട്ടിറങ്ങി.

 പുസ്തകങ്ങളിലെ വിജ്ഞാനം ആർജ്ജിച്ചെടുക്കുക മാത്രമല്ല, അതിനോടൊപ്പം തന്നെ സാമൂഹ്യ പ്രതിബദ്ധതയുള്ള, സഹജീവി സ്നേഹമുള്ള, കരുണയുള്ള, ഉത്തമ പൗരന്മാരായി വളരാൻ ഈ പ്രവർത്തനങ്ങൾ സഹായിക്കും എന്ന ബോധ്യത്തിലാണ് നല്ല പാഠം ക്ലബ്ബ് ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ചെയ്തത്.

പ്രവർത്തനങ്ങൾക്ക് നല്ല പാഠം കോ ഓർഡിനേറ്റർ മാരായ ലിറ്റി സെബാസ്റ്റ്യൻ, ഷൈബി മാത്യു എന്നിവരാണ് നേതൃത്വം നൽകിയത്. അവർ ജില്ലയിലെ മികച്ച നല്ല പാഠം കോഓർഡിനേറ്റർമാരായി തിരഞ്ഞെടുക്കപ്പെട്ടു. 5000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഇരുവർക്കും ലഭിക്കും.
 
പ്രവർത്തനങ്ങക്ക്‌ ആവശ്യമായ ധനസഹായം ലഭ്യമാക്കുന്നതിലും വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലും സ്കൂൾ കൗൺസിലർ അമല വർഗീസ് പ്രധാന പങ്കുവഹിച്ചു. 

പ്രധാനാധ്യാപകൻ സജി തോമസ് പി യുടെ നേതൃത്വത്തിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും  പിടിഎ യുടെയും സഹകരണത്തോടെ നടപ്പിലാക്കിയ കൂട്ടായ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിൽ.

Post a Comment

أحدث أقدم