തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ മണിക്കൂറിലെ ഫലം യു.ഡി.എഫ് തരംഗത്തിന്‍റെ വ്യക്തമായ സൂചനകളാണ് നൽകുന്നത്. യു.ഡി.എഫ് കേവല ഭൂരിപക്ഷവും കടന്ന് 90 സീറ്റുകളിൽ മുന്നിലാണ്. എൽ.ഡി.എഫ് 45 സീറ്റുകളിലും എൻ.ഡി.എ അഞ്ചു സീറ്റുകളിലും ലീഡ് ചെയ്യുന്നു.
യു.ഡി.എഫിന്‍റെ പ്രമുഖ നേതാക്കളെല്ലാം വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ്. ഒരു ഡസനോളം മന്ത്രിമാർ പിന്നിലാണ്. എൽ.ഡി.എഫ് സർക്കാറിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതിന്‍റെ സൂചനയാണിത് . പോസ്റ്റൽ ബാലറ്റുകൾക്കു പിന്നാലെയാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും എണ്ണി തുടങ്ങിയത്. ആദ്യഘട്ടത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പമാണ് മുന്നേറിയത്. വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണി തുടങ്ങിയതോടെയാണ് യു.ഡി.എഫ് ബഹുദൂരം മുന്നിലെത്തിയത്.
ഓരോ റൗണ്ടും പൂർത്തിയാകാൻ അര മണിക്കൂർ വരെ വേണ്ടിവരാം. കേരളം അടുത്ത അഞ്ചുവർഷം ആരു ഭരിക്കുമെന്ന് മണിക്കൂറുകൾക്കകം അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെ സ്ട്രോങ് റൂമുകൾ രാവിലെ ആറരയോടെ കനത്ത സുരക്ഷയിൽ തുറന്നു. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസം നീണ്ട ഉദ്വേഗഭരിതമായ കാത്തിരിപ്പിന് വിരാമമിട്ടാണ് വോട്ടെണ്ണൽ തുടങ്ങിയത്. ഉച്ചയോടെ 140 മണ്ഡലങ്ങളിലെയും പൂർണ്ണരൂപം പുറത്തുവരുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന സൂചന.
പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണവിരുദ്ധ വികാരം തുണയ്ക്കുമെന്നും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താമെന്നും യുഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ, എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി കേരള ചരിത്രത്തിലാദ്യമായി മൂന്നാം തവണയും പിണറായി സർക്കാർ അധികാരമുറപ്പിക്കുമെന്ന ആവേശത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്. അതേസമയം, ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടി നിർണായക ശക്തിയാകാൻ ബിജെപിയും കച്ചമുറുക്കുന്നു. ജയപരാജയങ്ങൾ എങ്ങോട്ടും മറിയാവുന്ന മുപ്പതിലേറെ മണ്ഡലങ്ങളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുന്നത്. സംസ്ഥാനത്ത് 43 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിന് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്.
അവസാന നിമിഷവും ചരിത്രപരമായ ഭരണത്തുടർച്ചയെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ഭരണമാറ്റമുണ്ടാകുമെന്ന് ഉറച്ചുവിശ്വസിക്കുന്ന യു.ഡി.എഫ് ക്യാമ്പിൽ വലിയ ഒരുക്കങ്ങളായിരുന്നു ഞായറാഴ്ച. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിൽ പന്തൽ ഉയരുകയും പായസം വെക്കാനുള്ള ചെമ്പുകളും ലഡുവും ഓർഡർ ചെയ്യുകയും ചെയ്തിട്ടുണ്ട്. മറുഭാഗത്ത്, മേയ് ആറിന് സെക്രട്ടറിയേറ്റ് ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ടണ്ണൽ ദിനത്തിൽ പിണറായിയിലെ വീട്ടിൽ തന്നെയാകും. ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഞായറാഴ്ച രാത്രി തലസ്ഥാനത്തെത്തി. ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിലിരുന്നാകും സതീശൻ വോട്ടെണ്ണൽ നില അറിയുക.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എ.കെ.ജി സെന്‍ററിലുണ്ട്. കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫും വോട്ടെണ്ണൽ ദിനത്തിൽ ഇന്ദിര ഭവനിലുണ്ടാകും. രമേശ് ചെന്നിത്തല രാവിലെ ഒമ്പത് മണിയോടെ ഇന്ദിര ഭവനിലെത്തും. ഉച്ചക്കുശേഷം ഹരിപ്പാട്ടേക്ക് മടങ്ങും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന ഓഫിസിലും നേമത്തുമായുണ്ടാകും.
അഞ്ചു സംസ്ഥാനങ്ങൾ വിധി കാക്കുന്നു
കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും വോട്ടെണ്ണൽ ഇന്നാണ് നടക്കുന്നത്. ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ബംഗാളിലെയും തമിഴ്നാട്ടിലെയും ഫലങ്ങൾക്കൊപ്പം കേരളത്തിലെ ജനവിധിയും രാജ്യം അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.

إرسال تعليق