തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പ്രമുഖ വാഗ്ദാനമായ വനിതകൾക്കുള്ള സൗജന്യ ബസ് യാത്ര 'ഇന്ദിര ഗ്യാരണ്ടി' യാഥാർത്ഥ്യമാക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. പദ്ധതി നടപ്പിലാക്കുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കൃത്യമായി കണക്കാക്കുന്നതിനായി വനിതാ യാത്രക്കാരുടെ വിവരശേഖരണം ആരംഭിക്കാൻ തീരുമാനമായി. ഇതിനായി നാളെ മുതൽ കെഎസ്ആർടിസി ബസുകളിൽ പുതിയ ടിക്കറ്റിംഗ് രീതി നിലവിൽ വരും.
കണ്ടക്ടർമാർ ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനിൽ (ETM) പ്രത്യേകം രേഖപ്പെടുത്തുന്ന രീതിയാണിത്.
കെഎസ്ആർടിസി എംഡിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ മാറ്റം. നിലവിൽ പ്രതിദിനംകെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരിൽ 19 ലക്ഷത്തോളം പേർ വനിതകളാണെന്നാണ് പ്രാഥമിക കണക്ക്. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് പുതിയ നീക്കം.
പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി കണ്ടക്ടർമാർക്ക് ഐടി വിഭാഗം അടിയന്തര പരിശീലനം നൽകും. ഇതിനായുള്ള സോഫ്റ്റ്‌വെയർ മാറ്റങ്ങൾ മെഷീനുകളിൽ വരുത്തിക്കഴിഞ്ഞു. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസർമാർക്കായിരിക്കും പദ്ധതിയുടെ ചുമതല.

إرسال تعليق