കോടഞ്ചേരി :
മലയോര മേഖലയിലെ പകരംവെക്കാനില്ലാത്ത കമ്മ്യൂണിസ്റ്റ് നേതാവ് ജോസ് വർഗീസിന്റെ പതിമൂന്നാം ചരമവാർഷികം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു.

ഏറെ പ്രതിസന്ധികൾ നിറഞ്ഞ കാലഘട്ടത്തിൽ പിന്തിരിപ്പൻ ഭൂപ്രഭുക്കന്മാരുടെയും വലതുപക്ഷ രാഷ്ട്രീയ ഭീകരതയുടെയും വെല്ലുവിളികളെയും മനോധൈര്യത്തിന്റെയും കരുത്തിന്റെയും ബലത്തിൽ നേരിട്ടാണ് ജോസ് വർഗീസടക്കമുള്ള സിപിഎം നേതാക്കൾ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. 

കമ്മ്യൂണിസ്റ്റ് എന്ന് കേട്ടാൽ പോലും അകറ്റിനിർത്തിയിരുന്ന ഇരുണ്ട ഭൂതകാലത്തിൽ നിന്ന് ഇന്നത്തെ നിലയിലേക്ക് പാർട്ടിയെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കാണ് ജോസ് വർഗീസ് വഹിച്ചതെന്ന് എം. മെഹബൂബ് പറഞ്ഞു.

 ജീരകപ്പാറ സമരവും താമരശ്ശേരി റീബ തീയറ്റർ സമരവുമടക്കം നിരവധി തൊഴിലാളി-കർഷക സമരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. കക്ഷിരാഷ്ട്രീയ-ജാതിമത വേർതിരിവുകൾക്കപ്പുറം മലയോര മേഖലയിലെ സർവരാലും അംഗീകരിക്കപ്പെടുന്ന നേതാവായി അദ്ദേഹത്തിന് മാറാൻ കഴിഞ്ഞു.

അദ്ദേഹത്തിന്റെ സ്മരണ പുതുക്കുന്ന അവസരത്തിൽ കമ്മ്യൂണിസ്റ്റ് മൂല്യങ്ങളും പ്രത്യയശാസ്ത്ര അടിത്തറയും ശക്തിപ്പെടുത്തി കൂടുതൽ കരുത്തോടെയും ജാഗ്രതയോടെയും പ്രവർത്തിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തെരഞ്ഞെടുപ്പ് പരാജയങ്ങൾ ഒന്നിന്റെയും അവസാനമല്ലെന്നും കൂടുതൽ കരുത്തോടെ ഇടതുപക്ഷം തിരിച്ചുവരുമെന്നും എം. മെഹബൂബ് കൂട്ടിച്ചേർത്തു.

അനുസ്മരണ സമ്മേളനത്തിൽ സിപിഎം തിരുവമ്പാടി ഏരിയാ സെക്രട്ടറി വി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. സ്മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറി എം. മെഹബൂബ് പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. വിശ്വനാഥൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ജോണി ഇടശ്ശേരി, ജോർജുകുട്ടി വിളക്കുന്നേൽ, ഷിജി ആന്റണി, പുഷ്പ സുരേന്ദ്രൻ, മുതിർന്ന സിപിഎംനേതാവ് കെ.സി. വേലായുധൻ, പി.ജെ. ജോൺസൺ, കെ.എം. ജോസഫ് എന്നിവർ പ്രസംഗിച്ചു. 

കോടഞ്ചേരി ലോക്കൽ സെക്രട്ടറി എ.എസ്. രാജു സ്വാഗതവും ഷിബു പുതിയേടത്ത് നന്ദിയും പറഞ്ഞു.



Post a Comment

أحدث أقدم