തിരുവനന്തപുരം: സംസ്ഥാനത്തെ ഫുട്ബോൾ പ്രേമികൾക്ക് ആവേശവാർത്തയുമായി കായികവകുപ്പ്.
ഫിഫ ലോകകപ്പ് മത്സരങ്ങൾ കേരളത്തിൽ ബിഗ് സ്ക്രീനുകളിൽ സൗജന്യമായി പ്രദർശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിൽ കേരളത്തിന് മാത്രമാണ് ഈ പ്രത്യേക അനുമതിയുള്ളത്.
വിഷയത്തിൽ സീ എന്റർടൈൻമെന്റ്, സീ 5, ഈഗിൾസ് ക്ലബ് എന്നിവരുമായി സർക്കാർ നടത്തിയ ചർച്ചകൾ വിജയകരമായതിനെത്തുടർന്നാണ് അനുകൂല തീരുമാനം.
👉🏻 *ആർക്കൊക്കെ പ്രദർശിപ്പിക്കാം?*
വാണിജ്യ താല്പര്യങ്ങളില്ലാതെ പൂർണ്ണമായും സൗജന്യമായി പൊതുജനങ്ങൾക്ക് കാണാൻ സൗകര്യമൊരുക്കുന്ന പ്രാദേശിക ക്ലബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, പബ്ലിക് ലൈബ്രറികൾ, സ്കൂളുകൾ, യൂണിവേഴ്സിറ്റി കോളേജുകൾ, ഇതര സാമൂഹിക കൂട്ടായ്മകൾ എന്നീ കൂട്ടായ്മകൾക്ക് മത്സരങ്ങൾ പ്രദർശിപ്പിക്കാം.
മത്സരങ്ങൾ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഈഗിൾ ക്ലബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.
👉🏻*ടിക്കറ്റ് വെച്ചുള്ള പ്രദർശനങ്ങൾക്ക് നിയന്ത്രണം*
സൗജന്യ പ്രദർശനങ്ങൾക്ക് പൂർണ്ണ അനുമതിയുണ്ടെങ്കിലും, പ്രവേശന ഫീസ് ഈടാക്കി ടിക്കറ്റ് വെച്ച് പ്രദർശനം നടത്തുന്നവർക്ക് കർശനമായ നിയന്ത്രണങ്ങളും പരിമിതികളും ഉണ്ടായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ലോകകപ്പ് തത്സമയ സംപ്രേഷണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കായികപ്രേമികൾ വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കായികവകുപ്പ് വിഷയത്തിൽ ഇടപെടുന്നില്ലെന്ന വിമർശനവും ഉയർന്നിരുന്നു. എന്നാൽ ആരാധകരുടെ ആശങ്ക ശ്രദ്ധയിൽപ്പെട്ടതു മുതൽ സർക്കാർ സജീവമായി ഇടപെടുന്നുണ്ടായിരുന്നുവെന്ന് മന്ത്രി അറിയിച്ചു. ഏജൻസികളുമായി ചർച്ച നടത്തുന്നതിനായി പ്രത്യേക സെക്രട്ടറിയെത്തന്നെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. സഭാനടപടികൾക്ക് ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ വ്യക്തത കൈവന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ കണ്ടെത്തുക
ടൂറിസം വാർത്താ ഫീഡ്
ഓൺലൈൻ ന്യൂസ്പേപ്പർ സബ്സ്ക്രിപ്ഷൻ
കരിയർ വാർത്താ ഫീഡ്
ഡിജിറ്റൽ ന്യൂസ്‌ലെറ്റർ
യാത്രാ വാർത്താ ഫീഡ്
കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് ആവേശം ഒട്ടും ചോരാതെ ആസ്വദിക്കാനുള്ള അവസരമുണ്ടാകുമെന്നും ആരും നിരാശരാകേണ്ടി വരില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശനും ഇന്ന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം ഉറപ്പുനൽകിയത്.

Post a Comment