സാമൂഹിക മാധ്യമങ്ങളുടെയും കണ്ടന്‍റുകളുടെയും ഈ കാലത്ത് പ്രതിഷേധക്കാരുടെ വൈകാരികമായ നീക്കങ്ങളിലും പ്രകോപനങ്ങളിലും വീണുപോകാതിരിക്കാൻ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ്. പ്രതിഷേധക്കാരുടെ ചോദ്യങ്ങൾക്കോ വൈകാരികമായ അപേക്ഷകൾക്കോ മറുപടി നൽകരുതെന്നും അവരുമായി അനാവശ്യ വാഗ്വാദങ്ങളിൽ ഏർപ്പെടരുതെന്നുമാണ് പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചിരിക്കുന്നത്.

നിങ്ങളുടെ ദേഷ്യം നിറഞ്ഞ മുഖമാണ് അവരുടെ കണ്ടന്റ്. അവർ നിങ്ങളോട് പോരാടുകയല്ല ചെയ്യുന്നത്, മറിച്ച് നിങ്ങളെ വില്ലനാക്കി ഒരു സിനിമ ചിത്രീകരിക്കുകയാണ്. ആ വില്ലൻ വേഷം ചെയ്യാൻ വിസമ്മതിക്കുക,' എന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന പ്രധാന ഉപദേശം. പ്രതിഷേധക്കാർ ഉച്ചത്തിൽ കരയുകയോ പൊലീസുകാരുടെ കാലിൽ വീഴുകയോ അല്ലെങ്കിൽ ശമ്പളത്തെക്കുറിച്ചോ കുടുംബ പശ്ചാത്തലത്തെക്കുറിച്ചോ ഉള്ള ചോദ്യങ്ങൾ ചോദിക്കുകയോ ചെയ്തേക്കാം. സഹതാപമോ ദേഷ്യമോ ഉണ്ടാക്കുന്ന ഇത്തരം തന്ത്രങ്ങളിൽ ഉദ്യോഗസ്ഥർ വീണുപോകരുതെന്നും മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.

സമീപകാലത്ത് ജന്തർമന്ദറിലും മറ്റും നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ പുതിയ തലമുറയിലെ പ്രക്ഷോഭകർ പൊലീസുകാരുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചിലപ്പോഴൊക്കെ അവരെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ വിഡിയോകൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലാവുകയും ചെയ്തു. ഇത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

പ്രതിഷേധക്കാരുടെ പരിഹാസങ്ങൾക്കോ പാട്ടുകൾക്കോ നൃത്തങ്ങൾക്കോ പ്ലക്കാർഡുകൾ പ്രകടിപ്പിക്കുന്നതിനോ യാതൊരു വിധത്തിലുള്ള പ്രതികരണവും നൽകരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശമുണ്ട്. ആവശ്യമാണെങ്കിൽ 'ദയവായി സഹകരിക്കുക, ഞങ്ങൾ ഞങ്ങളുടെ ഔദ്യോഗിക കർമ്മമാണ് ചെയ്യുന്നത്' എന്ന് മാത്രം മറുപടി നൽകി തികഞ്ഞ മൗനം പാലിക്കണം. കാമറകൾ എപ്പോഴും കൺമുൻപിലുണ്ടെന്ന കാര്യം ഓർമ്മിച്ചുകൊണ്ട് എത്ര പ്രകോപനപരമായ സാഹചര്യങ്ങളിലും ഉദ്യോഗസ്ഥർ സംയമനം പാലിക്കണമെന്നും പുതിയ മാർഗനിർദ്ദേശങ്ങൾ ഓർമ്മിപ്പിക്കുന്നു.
 

Post a Comment

Previous Post Next Post