താമരശ്ശേരി : 
താമരശ്ശേരി ചുരത്തിലെ കുഴികൾ യാത്രാദുരിതത്തിന് ആക്കംകൂട്ടുന്നു. ഓണാവധിക്കാലത്ത് ഉൾപ്പെടെ പല ദിവസങ്ങളിലും റോഡ് തകർച്ചയെത്തുടർന്ന് നിരവധി യാത്രാ, ചരക്കുവാഹനങ്ങളാണ് ആക്‌സിലൊടിഞ്ഞും മറ്റും വഴിയിൽ കുടുങ്ങി ഗതാഗത തടസ്സമുണ്ടാക്കിയത്. ആറ്, എട്ട് ഹെയർപിൻ വളവുകൾ ഉൾപ്പെടെ പലയിടങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ട സ്ഥിതിയാണ്. ഇടയ്ക്ക് താത്കാലിക അറ്റകുറ്റപ്പണി നടത്തുന്നുണ്ടെങ്കിലും നികത്തിയ ഭാഗങ്ങളിലെ ടാർമിശ്രിതവും ക്വാറിവെയ്സ്റ്റുമെല്ലാം അടർന്നുമാറി ഗർത്തങ്ങൾ പഴയ പടിയാവുന്ന ദുരവസ്ഥയാണ്.


കുഴിയടയ്ക്കൽ താത്കാലികമായി തുടരുന്നു

2024 അവസാനത്തോടെ അറ്റകുറ്റപ്പണി നടത്തിയതിനുശേഷം പിന്നീട് റോഡ് നവീകരണപ്രവൃത്തികളെല്ലാം ഇടയ്ക്കിടെയുള്ള താത്കാലിക കുഴിയടയ്ക്കലിൽ ഒതുങ്ങിയിരുന്നു. ഹെയർപിൻ വളവുകൾ ഉൾപ്പെടെ റോഡ് തകർച്ച കൂടിയഭാഗങ്ങളിൽ പിന്നീട് 2025 ജൂലായ് അവസാനവാരമാണ് ടാർ മിശ്രിതം ഉപയോഗിച്ച് കുഴിയടയ്ക്കുന്നത്. എന്നാൽ, മഴ ശക്തമായതോടെ വീണ്ടും റോഡ് തകർന്നു. അതോടെ പിന്നീട് ക്വാറിവെയ്‌സ്റ്റ് ഇട്ട് നികത്തിയുള്ള താത്കാലിക അറ്റകുറ്റപ്പണി നടത്തി. ഇന്റർലോക്ക് ഇളകിമാറി കുഴികൾ രൂപപ്പെട്ട ചുരം രണ്ടാംവളവിൽ ഇക്കഴിഞ്ഞ മേയിൽ ടാർമിശ്രിതമുപയോഗിച്ച് കുഴി നികത്തിയിരുന്നു. നാലാംവളവിൽ വീണ്ടും കുഴി രൂപപ്പെട്ട ഭാഗത്ത് പ്രദേശത്തെ തട്ടുകടയുടമകളായിരുന്നു താത്കാലിക അറ്റകുറ്റപ്പണി നടത്തിയത്.

എന്നാൽ മാസങ്ങൾക്ക് മുൻപ്‌ കുഴിയടച്ച രണ്ട്, നാല് വളവുകളിൽ ടാറും മണ്ണുമെല്ലാം ഇളകിമാറി വീണ്ടും കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. നാലാംവളവിന് മുകളിലെ രണ്ടാമതായുള്ള വളവിലും ഇരുചക്രവാഹനങ്ങളെ അപകടത്തിൽപ്പെടുത്തുന്ന തരത്തിൽ ആഴമേറിയ കുഴിയുണ്ട്.

ഹെയർപിൻ വളവുകളുടെ വീതികൂട്ടൽ പ്രവൃത്തി തുടരുന്ന ആറ്‌, എട്ട് വളവുകൾക്ക് നടുവിലാവട്ടെ, പലയിടത്തും ഉഴുതുമറിച്ചിട്ടപോലെയാണ്. റോഡിന്റെ ശോച്യാവസ്ഥ കാരണം വലിയ വാഹനങ്ങൾക്ക് ഏറെ സമയമെടുത്താണ് വളവുകൾ താണ്ടാനാവുന്നത്.

റോഡരികിലെ മണ്ണെടുക്കൽ പ്രവൃത്തികാരണം റോഡിലേക്ക് ചെളിയൊഴുകി പരക്കുന്നത് പതിവാണ്. എട്ട്, ഒൻപത് വളവുകൾക്കിടയിലുള്ള റോഡ് ഭാഗത്തെ കുഴികളും ഒൻപതാംവളവിൽ ഇന്റർലോക്കിനും കോൺക്രീറ്റ് ചെയ്ത ഭാഗത്തിനും ഇടയിലുള്ള ഗർത്തവുമെല്ലാം യാത്രാദുരിതം സൃഷ്ടിക്കുന്നുണ്ട്. അടിയന്തരമായി ശാസ്ത്രീയ അറ്റകുറ്റപ്പണി നടത്തണമെന്നതാണ് യാത്രക്കാരുടെ പൊതു ആവശ്യം.

കടപ്പാട് മാതൃഭൂമി

Post a Comment

Previous Post Next Post