ന്യൂഡൽഹി: 
നമ്മൾ അടിയന്തരാവസ്ഥയിലാണ് ജീവിക്കുന്നതെന്ന് സിജെപി നേതാവ് സൗരവ് ദാസ്. രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്നും ഇവിടെ നീതി ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 ഇതൊരു പൊലീസിന്റെ കോടതിയാണെന്നും ഇവിടെ എന്താണ് നടക്കുന്നതെന്ന് എല്ലവരും കാണുന്നുണ്ടല്ലോ എന്നും സൗരവ് ദാസ് ചോദിച്ചു.

ജന്തർമന്തർ സമരത്തിൽ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. നേതാക്കളെ വിട്ടയച്ചാൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി അഞ്ചുദിവസം കൂടി തടങ്കൽ നീട്ടണമെന്നായിരുന്നു ഡൽഹി പൊലീസിന്റെ ആവശ്യം.

പുതിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കിയിട്ടും കസ്റ്റഡി നീട്ടണമെന്ന നിലപാടിൽ പൊലീസ് ഉറച്ചുനിന്നു.


അതേസമയം ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടിയതിന് പിന്നാലെ ഇരുവ‍ർക്കും എതിരായ കേസ് ക്രൈംബ്രാഞ്ചിന്റെ ഇന്റർസ്റ്റേറ്റ് സെല്ലിന് കൈമാറി. നിരോധിക്കപ്പെട്ട സൈറ്റിലേക്ക് സ്വകാര്യ വ്യക്തികളുടെ സ്ഥലം വഴി അതിക്രമിച്ചു കയറി എന്നാണ് ഇപ്പോൾ കേസ്.

 പൊതുവായ കേസിന്റെ സ്വഭാവം മാറ്റി കുരുക്ക് മുറുക്കുകയാണ്. 

അഞ്ചു ദിവസമായി ഇവര്‍ കസ്റ്റഡിയിലാണ്. ഇന്നലെ കോടതിയിൽ എന്ന പേരിൽ പൊലീസ് ഓഫീസറുടെ മുന്നിൽ ഹാജരാക്കി. പൊലീസ് ആവശ്യപ്രകാരമാണ് കസ്റ്റഡി നീട്ടിയത്.


ജാമ്യനടപടികൾ മനഃപൂർവം വൈകിപ്പിച്ചും പുതിയ തടസ്സങ്ങൾ സൃഷ്ടിച്ചും നേതാക്കളെ ജയിലിൽ തന്നെ ഇടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സിജെപി കുറ്റപ്പെടുത്തി.

ഒക്ടോബർ 13ന് ജന്തർമന്തറിൽ ദേശീയപതാകയേന്തി പ്രതിഷേധിച്ചതിനാണ് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഇരുവരെയും തിഹാർ ജയിലിലേക്കു മാറ്റുകയായിരുന്നു. ജന്തർമന്തറിലെ നിയന്ത്രണങ്ങൾ മറികടന്നെന്ന പേരിലായിരുന്നു നടപടി.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടപടിയും ആവശ്യപ്പെട്ടാണ് സിജെപി പ്രക്ഷോഭം നടത്തുന്നത്.
 

Post a Comment

أحدث أقدم