ഭോപ്പാൽ: ഭോപ്പാലിൽ നടക്കുന്ന 26-ാമത് ദേശീയ പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മൂന്ന് സ്വർണ്ണ മെഡലുകൾ വാരിക്കൂട്ടി ആസിം വെളിമണ്ണ. S2 കാറ്റഗറിയിൽ 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബാക്ക്സ്ട്രോക്ക് എന്നീ മൂന്നിനങ്ങളിലാണ് ആസിം സുവർണ്ണ നേട്ടം കൈവരിച്ചത്.
2028-ൽ നടക്കാനിരിക്കുന്ന ലോസ് ആഞ്ചലസ് പാരാലിമ്പിക്സിലേക്കുള്ള യോഗ്യതാ സമയം മറികടന്നു എന്നതാണ് ഈ നേട്ടത്തിന്റെ ഏറ്റവും വലിയ തിളക്കം. S2 കാറ്റഗറിയിലെ പാരാലിമ്പിക്സ് യോഗ്യതാ സമയമായ 1:13:77 മറികടന്ന് 1:10:49 എന്ന മികച്ച സമയത്തിൽ ഫിനിഷ് ചെയ്താണ് ആസിം ചരിത്രം കുറിച്ചത്.
ഈ നേട്ടത്തോടെ ദേശീയ തലത്തിൽ കേരളത്തിന് വേണ്ടി ആസിം നേടുന്ന സ്വർണ്ണ മെഡലുകളുടെ എണ്ണം പന്ത്രണ്ടായി ഉയർന്നു. 2023, 2024, 2025, 2026 വർഷങ്ങളിലായി തുടർച്ചയായാണ് താരം സംസ്ഥാനത്തിനായി ഈ സുവർണ്ണ നേട്ടങ്ങൾ സ്വന്തമാക്കുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആസിം ഈ അഭിമാനകരമായ നേട്ടം പങ്കുവെച്ചത്.

Post a Comment