തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിധി പകർപ്പ് പരിശോധിച്ച ശേഷം കുടുംബവുമായി ആലോചിച്ച് അപ്പീൽ നടപടികൾ തീരുമാനിക്കും. നേതാക്കളുടെ സാന്നിധ്യത്തിൽ വിചാരണ നടത്തി ശിക്ഷ വിധിച്ചു നടപ്പിലാക്കിയ കൊലപാതകമാണെന്നും ഗൂഢാലോചനയിൽ പങ്കെടുത്തവരും ശിക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഷുക്കൂർ വധകേസിലെ ആകെ 33 പ്രതികളിൽ 13 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. അതിൽ കൊലക്കുറ്റം തെളിഞ്ഞത് 7 പേർക്കെതിരെ. 5 പ്രതികൾക്കെതിരെ അതിക്രമിച്ചു കടക്കൽ, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞു.
ഒരാൾക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റവും. 18 പ്രതികളെ വെറുതെവിട്ടു. പി.ജയരാജൻ, ടി.വി.രാജേഷ്, എം.വി.ഗോവിന്ദൻ്റെ മകൻ ശ്യാംജിത് എന്നിവരടക്കമുള്ളവരാണ് കുറ്റവിമുക്തരായത്.
ഇവർക്കെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ല എന്ന് കോടതി വ്യക്തമാക്കി. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്,
ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി എം.വി. ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പതിനാലാം പ്രതി ഇ.പി. രാധാകൃഷ്ണൻ, 25-ാം പ്രതി വി.വി. മോഹനൻ, 26-ാം പ്രതി പുരുഷോത്തമൻ, 27-ാം പ്രതി പി.കെ. അജിത് കുമാർ, 28-ാം പ്രതി പി.പി. സുരേശൻ തെളിവ് നശിപ്പിച്ച കെ വി സജിത്ത് എന്നിവർക്ക് ജാമ്യം അനുവദിച്ചു.
എന്നാൽ ഷുക്കൂറിനെ കുത്തിയ രണ്ടാമനായ പി.ഗണേശനെ വെറുതെ വിട്ടത് പ്രോസിക്യൂഷന് വൻ തിരിച്ചടിയായി.
18 പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും.

Post a Comment