തൊടുപുഴ:
ചിന്നക്കനാൽ മേഖലയെ വിറപ്പിക്കുന്ന ചക്കക്കൊമ്പനെ തളച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്ന നിർണായക ദൗത്യത്തിനായി വയനാട്ടിൽ നിന്നുള്ള കുങ്കിയാനകളും പ്രത്യേക ദൗത്യസംഘവും ചിന്നക്കനാലിലെത്തി. മുത്തങ്ങ ആനപ്പന്തിയിൽ നിന്നുള്ള ഭരത്, വിക്രം എന്നീ കുങ്കിയാനകളെയാണ് എത്തിച്ചത്. നൂറംഗ ദൗത്യസംഘത്തിന്റെ നേതൃത്വത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും സാഹചര്യം അനുകൂലമാണെങ്കിൽ ബുധനാഴ്ച തന്നെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് വയനാട് മുത്തങ്ങയിൽ നിന്ന് ലോറികളിൽ പുറപ്പെട്ട കുങ്കിയാനകളും ദ്രുതപ്രതികരണ സേനയും തിങ്കളാഴ്ച രാവിലെയാണ് ദേവികുളം ഗ്യാപ് റോഡ് വഴി ചിന്നക്കനാലിലേക്ക് എത്തിയത്. അവിടെനിന്ന് സിമന്റുപാലത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ താവളത്തിലേക്ക് ആനകളെ നടത്തിക്കൊണ്ടുപോയി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കുങ്കിയാനകൾക്ക് പൂർണ വിശ്രമം അനുവദിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ദൗത്യസംഘം ചക്കക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷം ആക്ഷൻ പ്ലാൻ തയാറാക്കും.
ചിന്നക്കനാലിൽ നിരന്തരം ഭീതി പരത്തുന്ന ചക്കക്കൊമ്പനെ പിടികൂടി മറ്റൊരു വനമേഖലയിലേക്ക് മാറ്റുമെന്നായിരുന്നു സർക്കാർ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആനയെ മയക്കുവെടി വെച്ച് സാറ്റലൈറ്റ് റേഡിയോ കോളർ ഘടിപ്പിച്ച ശേഷം അതേ മേഖലയിൽ തന്നെ തുറന്നുവിടാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ, വനംവകുപ്പിന്റെ ഈ തീരുമാനത്തിനെതിരെ പ്രദേശവാസികൾക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ആനയെ കാടുമാറ്റാതെ റേഡിയോ കോളർ മാത്രം ഘടിപ്പിച്ച് വിടുന്നത് കൊണ്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയുണ്ടാകില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം തിങ്കളാഴ്ചയും ജനവാസ മേഖലയിൽ ചക്കക്കൊമ്പനിറങ്ങി.
പുലർച്ചെ ബി.എൽ. റാം മേഖലയിലാണ് കൊമ്പനെത്തിയത്. പ്രദേശത്തെ സോളാർ ഫെൻസിങ്ങും വ്യാപകമായി കൃഷിവിളകളും നശിപ്പിച്ച ആന ഏറെ നേരം പ്രധാന റോഡിന് നടുവിലൂടെ നിലയുറപ്പിച്ചു. പ്രദേശവാസികൾ പരിഭ്രാന്തരായെങ്കിലും പിന്നീട് ആന കാട്ടിലേക്ക് മടങ്ങുകയായിരുന്നു. ദൗത്യ ദിവസം ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ എല്ലാ വിധ ടൂറിസം പരിപാടികളും നിരോധിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്. പ്രദേശത്തെ ക്രമസമാധാന പാലനം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളുടെയും ഏകോപനത്തിന് സബ് കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Post a Comment