ഓമശ്ശേരി:
കൂടത്തായി സെന്റ്മേരിസ് ഹൈസ്കൂളിൽ അമ്പതോളം ഭവനരഹിതരായ വിദ്യാർഥികൾക്ക് സുരക്ഷിത പാർപ്പിടം ഒരുക്കുന്ന ആർദ്രം സമ്പൂർണ്ണ ഭവന പദ്ധതിയിലേക്ക് വിദ്യാലയത്തിന്റെ അഭ്യുദയകാംക്ഷി സംഭാവന ചെയ്ത ഭൂമിയുടെ ഉടമസ്ഥാവകാശം കേരള റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ ഏറ്റുവാങ്ങി.
സ്കൂളിന് സമീപപ്രദേശത്തെ 47 സെന്റ് ഭൂമിയാണ് സ്വകാര്യ വ്യക്തി പാവപ്പെട്ടവർക്ക് വീട് ഒരുക്കുന്ന പദ്ധതിയിലേക്ക് വാങ്ങി നൽകിയത്. സ്വന്തം മകളുടെ വിവാഹത്തിനായി സ്വരൂപിച്ച സമ്പാദ്യമാണ്, വിവാഹം ലളിതമാക്കി നടത്താനുള്ള കുടുംബത്തിന്റെ തീരുമാനത്തിന്മേൽ അശരണർക്ക് ആശ്രയമാകുന്ന ഈ പദ്ധതിക്കായി നീക്കിവെച്ചത്.
ഇത്തരം ആർദ്രമായ മനസ്സുള്ളവർക്കേ സമൂഹത്തിൽ വെളിച്ചമാവാൻ സാധിക്കൂ എന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കൊടുവള്ളി എംഎൽഎ പികെ ഫിറോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആർദ്രം പദ്ധതിയ്ക്ക് നേതൃത്വം നൽകുന്ന അധ്യാപകനും സാമൂഹ്യ, സന്നദ്ധ പ്രവർത്തകനുമായ റെജി ജെ കരോട്ട് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഫാദർ സിബിപൊൻപാറ സ്വാഗതം. പറഞ്ഞു.
മാനേജർ ഫാദർ ബിബിൻ ജോസ്, വാർഡ് മെമ്പർ ടി കെ ജിലാനി,പ്രഥമാധ്യാപകൻ തോമസ് അഗസ്റ്റിൻ, പി ടി എ പ്രസിഡണ്ട് പി കെ ശരീഫ്, സ്റ്റാഫ് സെക്രട്ടറി ഷിതിൻ വർഗീസ്, അഥീന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ശിവദ് പി എസ് വരച്ച മന്ത്രിയുടെ ചിത്രം വേദിയിൽ വെച്ച് മന്ത്രിയ്ക്ക് കൈമാറി.
സ്കൂൾ PTA യുടെ നേതൃത്വത്തിൽ സ്വരൂപിച്ച 250 ചാക്ക് സിമന്റിന്റെ തുകയും പ്രസ്തുത ചടങ്ങിൽ കൈമാറി.


Post a Comment