മുക്കം: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 28 മുതൽ ഡിസംബർ 3 വരെ മുക്കം നഗരസഭയിലെ വിവിധ വേദികളിലായി നടക്കുന്നതിനാൽ നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങളുമായും ശുചിത്വ ക്രമീകരണങ്ങളുമായും പൊതുജനങ്ങൾ പൂർണമായി സഹകരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദിനി അഭ്യർത്ഥിച്ചു.
കലോത്സവത്തോടനുബന്ധിച്ച് നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി പ്രത്യേക ക്രമീകരണങ്ങളാണ് നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കുന്നത്.
പ്രധാന നിർദേശങ്ങൾ:
* ഗതാഗതവും പാർക്കിംഗും: വാഹനങ്ങൾ പാർക്കിംഗ് നിരോധിത മേഖലകളിൽ നിർത്തിയിടാൻ പാടില്ല. 'കീപ്പ് ലെഫ്റ്റ്' ഉൾപ്പെടെയുള്ള ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണം. കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ സീബ്രാ ലൈനുകൾ ഉപയോഗിക്കണം.
* ബസ് സ്റ്റാൻഡ് നിയന്ത്രണം: അരീക്കോട്, ചെറുവാടി ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ നിർബന്ധമായും പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. ബസുകൾ സ്റ്റാൻഡിൽ 20 മിനിറ്റിൽ കൂടുതൽ നിർത്തിയിടാൻ പാടില്ല. മറ്റ് സ്വകാര്യ വാഹനങ്ങൾക്ക് ബസ് സ്റ്റാൻഡിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല.
* സുരക്ഷാ ക്രമീകരണങ്ങൾ:
കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനായി പെഡസ്ട്രിയൻ ക്രോസിങ്ങുകളും ആവശ്യമായ ട്രാഫിക് ബോർഡുകളും നഗരസഭയുടെ നേതൃത്വത്തിൽ സ്ഥാപിച്ചുവരികയാണ്.
* ശുചിത്വ പാലനം: നഗരത്തിലെ ശുചിത്വം ഉറപ്പാക്കാൻ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് കുറ്റകരമാണ്. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി നിർദേശിച്ചിട്ടുള്ള ബിന്നുകൾ മാത്രമേ ഉപയോഗിക്കാവൂ.
*
കലോത്സവം വൻ വിജയമാക്കുന്നതിനും നഗരത്തിൽ ഗതാഗതക്കുരുക്കും മാലിന്യപ്രശ്നങ്ങളും ഒഴിവാക്കുന്നതിനും ഡ്രൈവർമാർ, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവർ നഗരസഭയുമായി സഹകരിക്കണമെന്നും ചെയർപേഴ്സൺ അറിയിച്ചു.

Post a Comment