ഓമശ്ശേരി: സ്കൂളിൽ ആകെ 545 വിദ്യാർത്ഥികൾ. ഈ മുഴുവൻ വിദ്യാർത്ഥികളും ഒത്തൊരുമിച്ച് അവരവരുടെ വീടുകളിൽ ഗണിത ലാബ് ഒരുക്കിയത് അക്കാദമിക രംഗത്ത് ഒരു പുത്തൻ മാതൃകയായി മാറി. അങ്ങനെ സമ്പൂർണ്ണ ഹോം ഗണിതലാബ് പ്രഖ്യാപനം നടത്തി ശ്രദ്ധേയമായിരിക്കുകയാണ് ഒരു സർക്കാർ സ്കൂൾ. ഓമശ്ശേരി പഞ്ചായത്തിലെ പുത്തൂർ ഗവ.യു പി സ്കൂൾ ആണ് ഈ അപൂർവ നേട്ടത്തിന് അർഹരായത്.
അൽജിബ്രോസ് എന്ന പേരിൽ രണ്ടു മാസം മുമ്പ് പദ്ധതി പ്രഖ്യാപിക്കുകയും ദേശീയ ഗണിത ദിനത്തിൽ സമ്പൂർണ്ണ ഹോം ഗണിത ലാബ് പ്രഖ്യാപനം നടത്തിയുമാണ് ഈ വിദ്യാലയം ഈ നേട്ടം നേടിയത്.
ഇതിന്റെ ഭാഗമായി ക്വിസ്സ്,ഗണിതശാസ്ത്ര ജീവചരിത്രക്കുറിപ്പ്, ഗണിത പസിൽ, ടാൻഗ്രാം, ചാർട്ട് നിർമ്മാണം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തുകയും ഗണിത ശാസ്ത്ര പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു.
സമ്പൂർണ്ണ ഹോം ഗണിത ലാബ് പ്രഖ്യാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര നിർവഹിച്ചു. സമ്പൂർണ ഗണിതലാബ് പൂർത്തീകരണ പ്രഖ്യാപനം ഡോക്ടർ യു. കെ. അബ്ദുൽ നാസർ (കോഴിക്കോട് ഡയറ്റ്) നിർവഹിച്ചു. പ്രാദേശിക ചരിത്ര രചനാ വിജയികൾക്കുള്ള സമ്മാനം വാർഡ് മെമ്പർ ഇബ്രാഹിം പാറങ്ങോട്ടിലും എൽ എസ് എസ് വിജയികൾക്കുള്ള സമ്മാനം കൊടുവള്ളി എ ഇ ഒ മുരളീകൃഷ്ണനും വിതരണം ചെയ്തു .
പിടിഎ പ്രസിഡണ്ട് പി സാദിഖ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി എ ഹുസൈൻ സ്വാഗതവും ഗണിത ക്ലബ് കോ-ഓർഡിനേറ്റർ ജസീറ പിഎം നന്ദിയും പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ഹഫ്സ സി കെ, സ്റ്റാഫ് സെക്രട്ടറി അബ്ദുറഹ്മാൻ എൻ വി,അലിഫ് ക്ലബ് കോ-ഓർഡിനേറ്റർ അബ്ദുനാസർ കെ ടി, സ്കൂൾ ലീഡർ മർവ ബത്തുൽ എന്നിവർ സംസാരിച്ചു.
Post a Comment