'ഹരിതം സുന്ദരം ഓമശ്ശേരി'പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പ് ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.
ഓമശ്ശേരി: പഞ്ചായത്തിന്റെ നേതൃത്വത്തിൽ 17 മാസത്തിനുള്ളിൽ വീടുകളിൽ നിന്നും വ്യാപാര-സേവന സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന മുഖേന ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിച്ചത് പത്ത് ലക്ഷം കിലോ ഖരമാലിന്യം!ഓമശ്ശേരി ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് 2021 ൽ ആരംഭിച്ചതാണ്'ഹരിതം,സുന്ദരം,ഓമശ്ശേരി'മാലിന്യ സംസ്കരണ പദ്ധതി.പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും വ്യാപാര-സേവന സ്ഥാപനങ്ങളിലും ഹരിതകർമ്മ സേന വഴി സേവനം എത്തിക്കാൻ പഞ്ചായത്തിന് കഴിഞ്ഞു.
പദ്ധതിയുടെ തുടക്കത്തിൽ 55 ശതമാനമായിരുന്നു പഞ്ചായത്തിലെ വീടുകളിലും നിന്നും വ്യാപാര-സേവന സ്ഥാപനങ്ങളിൽ നിന്നുമുള്ള സഹകരണം.നിലവിൽ 69 ശതമാനം വീടുകളും സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നു.നൂറു ശതമാനമാക്കുന്നതിനുള്ള നിയമ നടപടികളും ബോധവൽക്കരണ പരിപാടികളും ഊർജ്ജിതമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.ഹരിതകർമ്മ സേനയുടെ സേവനം കലണ്ടർ അടിസ്ഥാനത്തിൽ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളിൽ എത്തിച്ചു കൊണ്ട് പദ്ധതിയെ ഒരു സ്ഥിരം സംവിധാനമാക്കി മാറ്റാൻ ഗ്രാമപഞ്ചായത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
പദ്ധതിയുടെ തുടക്കം മുതൽ 2023 ജനുവരി വരെ ശേഖരിച്ച ആകെ അജൈവ മാലിന്യം 994 ടണ്ണാണ്.അഥവാ 994921 കിലോഗ്രാം!കോഴിക്കോട് ആസ്ഥാനമായുള്ള ഗ്രീൻ വേംസ് വേസ്റ്റ് മാനേജ്‌മന്റ് കമ്പനിയുമായി സഹകരിച്ചാണ് ഓമശ്ശേരിയിൽ അജൈവ മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കുന്നത്.മാലിന്യങ്ങൾ കമ്പനിയുടെ സംസ്കരണ കേന്ദ്രത്തിൽ വെച്ച് തരം തിരിച്ച് വിവിധ ഉപയോഗങ്ങൾക്കായി മാറ്റുകയാണ് ചെയ്യുന്നത്.കൂടാതെ ഹരിതകർമ്മ സേനക്ക് മാസം ശരാശരി 22 പ്രവൃത്തി ദിനം ലഭ്യമാക്കാനും സാധിച്ചു.ഈ കാലയളവിൽ ആകെ ഹരിതകർമ സേനക്ക് ലഭ്യമായ പ്രവർത്തി ദിനങ്ങൾ 3745 ആണ്.
പദ്ധതിയുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഒ.പി.സുഹറ സ്വാഗതം പറഞ്ഞു.പഞ്ചായത്തംഗങ്ങളായ കെ.കരുണാകരൻ മാസ്റ്റർ,കെ.ആനന്ദകൃഷ്ണൻ,എം.ഷീജ ബാബു,പി.കെ.ഗംഗാധരൻ,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി,പങ്കജവല്ലി,പഞ്ചായത്ത് സെക്രട്ടറി ദീപുരാജു എന്നിവർ പ്രസംഗിച്ചു.ഗ്രീൻ വേംസ് റീജിണൽ ഓപറേഷൻസ് മാനേജർ എൻ.ഫാരിസ്,പ്രൊജക്റ്റ് അസോസിയേറ്റ് ഡോണ ഫ്രാൻസിസ്,ഹരിത കർമ്മ സേന ടീം ലീഡർ ടി.വി.സ്വീറ്റി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.ജനപ്രതിനിധികളും ഹരിത കർമ്മ സേന,കുടുംബശ്രീ,തൊഴിലുറപ്പ് പദ്ധതികളിലെ പ്രതിനിധികളും ക്യാമ്പിൽ പങ്കെടുത്തു.
Post a Comment