നെടുമ്പാശ്ശേരി: ആഭ്യന്തര യുദ്ധം ശക്തമായ സുഡാനിൽ നിന്നും മടങ്ങിയ മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി. രണ്ട് വിമാനങ്ങളിലായി എട്ട് പേരാണ് ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. 

ഇന്നലെ രാവിലെ 9.30 ഓടെയാണ് ആറ് പേരടങ്ങുന്ന ആദ്യ സംഘം ദൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. 
ഇന്നലെ ജിദ്ദയിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ ഇവർ ദൽഹിയിൽ എത്തിയിരുന്നു. എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട്, ഭാര്യ ഷാരൂൺ ആലപ്പാട്ട്, മക്കളായ മിഷേൽ, റോഷൽ, ഡാനിയേൽ, ഇടുക്കി കല്ലാർ സ്വദേശി ജയേഷ് വേണു എന്നിവരാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ആദ്യ സംഘത്തിൽ ഉണ്ടായിരുന്നത്. 

ഇവരെ കൂടാതെ കലാപത്തിനിടെ വെടിയേറ്റ് മരിച്ച മലയാളി കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും നാട്ടിൽ മടങ്ങിയെത്തി . ജിദ്ദയിൽ നിന്നുള്ള സൗദി എയർലൈൻസ് വിമാനത്തിലാണ് ആൽബർട്ടിന്റെ ഭാര്യ സൈബല്ല, മകൾ മരീറ്റ എന്നിവർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. മടങ്ങിയെത്തിയവരെ ബന്ധുക്കളും സുഹൃത്തുക്കളും സ്വീകരിച്ചു. 

കുറേ കാലമായി സമാധാനം നിലനിന്നിരുന്ന രാജ്യമായിരുന്നു സുഡാൻ എന്നും രണ്ട് സേനകളുടെ ഏറ്റുമുട്ടൽ അപ്രതീക്ഷിതമായിരുന്നുവെന്നും ബിജി ആലപ്പാട്ട് വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 
ഏകദേശം 6000 ത്തിനും 7000 ത്തിനും ഇടയിലുള്ള ഇന്ത്യക്കാരാണ് സുഡാനിൽ കുടുങ്ങിക്കിടക്കുന്നത്. 1000 ത്തിലധികം കിലോമീറ്ററുകളോളം ബസിൽ സഞ്ചരിച്ചാണ് സുരക്ഷിത കേന്ദ്രത്തിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ എംബസി ബസുകൾ ഏർപ്പാട് ചെയ്യുന്നുണ്ട്. എന്നാൽ ദീർഘ ദൂരമുള്ള യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാൻ സൗകര്യം ഇല്ലാത്തത് വൻ പ്രതിസന്ധിയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ നാട്ടിലെത്തിക്കാൻ പരിശ്രമിച്ച കേന്ദ്ര  കേരള സർക്കാരുകളോട് നന്ദി പറയുന്നതായി മടങ്ങിയെത്തിയവർ പറഞ്ഞു. സുഡാനിലെ സുരക്ഷാ സേനയിലെ ഭക്ഷ്യ സുരക്ഷയുടെ ചുമതലയുള്ള കരാർ ജീവനക്കാരനായിരുന്നു സൈനികരും അർദ്ധസൈനികര്യം തമ്മിലുള്ള ഏറ്റുമുട്ടലിനിടെ മരിച്ച ആൽബർട്ട്. താമസിക്കുന്ന വീട്ടിൽ വച്ചായിരുന്നു വെടിയേറ്റത്. ആറ് മാസം മുമ്പാണ് ആൽബർട്ട് സുഡാനിൽ ജോലിക്കെത്തിയത്. ഇതിനിടെ ഒരു മാസം മുൻപ് നാട്ടിൽ വന്ന് മടങ്ങിയിരുന്നു. ഇദ്ദേഹം കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുൻപാണ് ഭാര്യയും മകളും ഒരു മാസത്തെ സന്ദർശനത്തിനായി എത്തിയത്. ഇവരുടെ മുന്നിൽ വച്ചാണ് ആൽബർട്ട് കൊല്ലപ്പെട്ടത്. വെടിയേറ്റ് മരിച്ച ഫ്‌ളാറ്റിൽ നിന്നും ആൽബർട്ടിന്റെ മൃതദേഹം 24 മണിക്കൂർ കഴിഞ്ഞിട്ടും മാറ്റാൻ കഴിയാതിരുന്നതിനെ തുടർന്ന് ഭാര്യ സൈബല്ല കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചിരുന്നു. പിന്നീട് മൂന്ന് മണിക്കൂറോളം വെടിനിർത്തൽ പ്രഖ്യാപിച്ചതിനിടയിലാണ് മൃതദേഹം മാറ്റാനായത്. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം കേന്ദ്ര സർക്കാർ തുടരുകയാണ്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ സൈബല്ലയും മകളും സർക്കാർ ഏർപ്പാടാക്കിയ കാറിൽ കണ്ണൂരിലേക്ക് തിരിച്ചു. സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നതായും ഇവർ പറഞ്ഞു.

Post a Comment

أحدث أقدم