ഓമശ്ശേരി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാത നവീകരണ പ്രവർത്തനങ്ങളിൽ ഓമശ്ശേരി പഞ്ചായത്തിനോട്‌ കടുത്ത വിവേചനം കാണിക്കുന്നുവെന്നാരോപിച്ച്‌ പഞ്ചായത്ത്‌ ഭരണസമിതി നടത്തിയ പ്രതിഷേധം ഫലം കാണുന്നു.കേരള സ്റ്റേറ്റ്‌ ട്രാൻസ്പോർട്ട്‌ പ്രോജക്റ്റ്‌(കെ.എസ്‌.ടി.പി)യുടേയും ശ്രീധന്യ നിർമ്മാണ കമ്പനിയുടേയും പ്രധാന ഉദ്യോഗസ്ഥർ ഇന്ന് ഓമശ്ശേരിയിലെത്തുകയും പഞ്ചായത്ത്‌ പരിധിയിലെ പ്രശ്നമുള്ള ഇടങ്ങൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും ചെയ്തു.

കൂടത്തായ്‌,മുടൂർ,മങ്ങാട്‌,താഴെ ഓമശ്ശേരി,ഓമശ്ശേരി ടൗൺ എന്നിവിടങ്ങളിൽ അധികൃതരോടൊപ്പം സന്ദർശനം നടത്തി നിലവിലെ മുഴുവൻ പ്രധാന പ്രശ്നങ്ങളും ജനപ്രതിനിധികളും നാട്ടുകാരും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തി.തുടർന്ന് പഞ്ചായത്ത്‌ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടേയും വിവിധ കക്ഷി നേതാക്കളുടേയും യോഗത്തിൽ കെ.എസ്‌.ടി.പി,ശ്രീധന്യ അധികൃതർ പ്രശ്ന പരിഹാരം ഉറപ്പ്‌ നൽകി.അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ പതിനഞ്ച്‌ ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും ബാക്കിയുള്ളവ ബന്ധപ്പെട്ട അധികാരികളിൽ നിന്നും അനുമതി ലഭിക്കുന്ന മുറക്ക്‌ പ്രവൃത്തി നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.അനുമതി ലഭിക്കുന്നതിന്‌ തീവ്രശ്രമം തുടരുമെന്നും അവർ പറഞ്ഞു.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,ആരോഗ്യ-വിദ്യാഭാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർ മാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,അംഗങ്ങളായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,എം.എം.രാധാമണി ടീച്ചർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,മൂസ നെടിയേടത്ത്‌,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,കെ.ആനന്ദകൃഷ്ണൻ,എം.ഷീല,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,വിവിധ സംഘടനാ പ്രതിനിധികളായ യു.കെ.ഹുസൈൻ,കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ,ആർ.എം.അനീസ്‌ നാഗാളികാവ്‌,കെ.കെ.മനോജ്‌ കുമാർ,ടി.ശ്രീനിവാസൻ,ബേബി മഞ്ചേരിൽ,എ.കെ.അബ്ദുല്ല,ഒ.കെ.നാരായണൻ എന്നിവർ സംസാരിച്ചു.ചർച്ചയിൽ കെ.എസ്‌.ടി.പി.പ്രതിനിധികളായ എക്സിക്യൂട്ടീവ്‌ എഞ്ചിനീയർ ജിഷ കുമാരി,കെ.ജിജി,ഇർഷാദ്‌,അജിത്ത്‌,സുനിത,ശ്രീധന്യ പ്രോജക്റ്റ്‌ മാനേജർ നരസിംഹം എന്നിവർ പങ്കെടുത്തു.

ഓമശ്ശേരിയോട്‌ അവഗണന കാണിക്കുന്നുവെന്നാരോപിച്ച്‌ കഴിഞ്ഞ 16 ന്‌ പഞ്ചായത്ത്‌ ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും ചേർന്ന് നിർമ്മാണ കമ്പനിയുടെ മുക്കത്തുള്ള ഓഫീസ്‌ ഉപരോധിച്ചിരുന്നു.സമരത്തെ തുടർന്നാണ്‌ അധികൃതർ അടിയന്തിരമായി വിഷയത്തിലിടപെട്ടത്‌.

ഫോട്ടോ:എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാത നവീകരണത്തിലെ അപാകതകളുമായി ബന്ധപ്പെട്ട്‌ ഓമശ്ശേരിയിൽ നടന്ന ജനപ്രതിനിധികളുടേയും കക്ഷി നേതാക്കളുടേയും ഉദ്യോഗസ്ഥരുടേയും യോഗം.

Post a Comment

Previous Post Next Post