പാലക്കാട് : സ്‌കൂളിൽ പേപ്പട്ടി ആക്രമണത്തിൽ വിദ്യാർത്ഥിക്കും അധ്യാപകനും കടിയേറ്റു. മണ്ണാർക്കാട് കല്ലടി അബ്ദുഹാജി ഹൈസ്‌കൂളിലാണ് സംഭവം. കുട്ടികൾ അടക്കം നിരവധി പേർക്ക് നായയുടെ കടിയേറ്റതായാണ് വിവരം. സ്‌കൂൾ ക്ലാസിലേക്ക് ഓടിക്കയറിയ നായ ആറാം ക്ലാസ് വിദ്യാർത്ഥിയെ ആക്രമിച്ചതിന് പിന്നാലെ അധ്യാപകനെയും കടിക്കുകയായിരുന്നു.
അധ്യാപകരുടെ സമയോചിതമായ ഇടപെടലിലൂടെ കൂടുതൽ വിദ്യാർത്ഥികൾ കടിയേല്ക്കാതെ രക്ഷപ്പെട്ടു. പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളിക്കും നായയുടെ കടിയേറ്റു. സ്‌കൂളിലെ മറ്റൊരു കുട്ടിക്കും കഴിഞ്ഞ ദിവസം സ്‌കൂളിന് പുറത്തുനിന്ന് കടിയേറ്റിരുന്നു. സ്‌കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി.
മണ്ണാർക്കാട് കോട്ടോപ്പാടം മേഖലയിൽ പേപ്പട്ടി ശല്യം രൂക്ഷമാണ്. സ്‌കൂളിൽ പോലും കുട്ടികൾക്കും അധ്യാപകർക്കും രക്ഷയില്ലാതെ വരുന്നത് ഗൗരവമായി എടുക്കണമെന്നും അധികൃതർ കണ്ണുതുറന്ന് നായശല്യത്തിൽനിന്ന് കുട്ടികളെയും നാടിനെയും രക്ഷിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Post a Comment