എ.ഐ ക്യാമറ സ്ഥാപിച്ചശേഷം വാഹനാപകടമരണനിരക്കിൽ കുറവുണ്ടായ സാഹചര്യത്തിൽ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുന്നകാര്യം പരിഗണിക്കാമെന്ന് ഇൻഷുറൻസ് കമ്പനികൾ സർക്കാരിനെ അറിയിച്ചു.

 ജനറൽ ഇൻഷുറൻസ് കൗൺസിൽ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയിലാണ് തീരുമാനം.

 നിയമലംഘനങ്ങളില്ലാത്ത വാഹനങ്ങൾക്കും ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവ് നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.


ഇൻഷുറൻസില്ലാത്തതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ ഇൻഷുറൻസ് കമ്പനികളുമായിച്ചേർന്ന് സ്ഥലസൗകര്യം ഒരുക്കും. ക്രിമിനൽ കേസുകളിൽപെടുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് നിഷേധിക്കുന്നതും പരിഗണനയിലാണ്.

 ഇതുസംബന്ധിച്ച് തുടർചർച്ചകൾ നടത്താൻ ജി.ഐ. കൗൺസിൽ സെക്രട്ടറിജനറൽ ഇന്ദ്രജീത് സിങ്ങുമായി ധാരണയിലായി.

ചർച്ചയിൽ മന്ത്രി ആന്റണി രാജുവിനുപുറമേ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത്, അഡീഷണൽ ഗതാഗത കമ്മിഷണർ പ്രമോജ് ശങ്കർ എന്നിവർ പങ്കെടുത്തു. ഗതാഗതനിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവു നൽകുന്നതിനൊപ്പം തുടർച്ചയായി ലംഘിക്കുന്നവരിൽനിന്ന് അധികതുക ഈടാക്കാനും സംസ്ഥാന സർക്കാർ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടുമെന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു.


റോഡ് അപകടങ്ങളും മരണവും കുറഞ്ഞതുകൊണ്ട് ഇൻഷുറൻസ് കമ്പനികൾക്ക് വലിയ സാമ്പത്തികനേട്ടം ഉണ്ടായെന്നാണ് സർക്കാർ നിഗമനം. ഓരോ വർഷവും ഇൻഷുറൻസ് പുതുക്കുമ്പോൾ ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക അടച്ചെന്ന് ഉറപ്പാക്കാനും നിർദേശിക്കും.
 അപകടത്തിൽ പരിക്കേൽക്കുന്നവർക്കുള്ള പ്രാഥമിക ചികിത്സാ ചെലവുകൾ വഹിക്കാൻ ഇൻഷുറൻസ് കമ്പനികളോട് അഭ്യർഥിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.

ഇതിനുപുറമെ, നിയമലംഘനങ്ങൾ പിടിക്കപ്പെട്ടിട്ടും പിഴ അടയ്ക്കാത്തവർക്ക് ഇൻഷുറൻസ് പുതുക്കുന്നത് നിഷേധിക്കുന്ന സംവിധാനം നടപ്പിലാക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം, ഇൻഷുറൻസ് കമ്പനികൾ എന്നിവയെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അടുത്തിടെ അറിയിച്ചിരുന്നു. ഗതാഗതനിയമലംഘനങ്ങൾ ആവർത്തിക്കുകയും പിഴ അടയ്ക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങൾ സാധാരണ കരിമ്പട്ടികയിൽപ്പെടുത്തുകയാണ് ചെയ്യുക.

 ഇതിനൊപ്പമാകും ഇൻഷുറൻസ് പുതുക്കുന്നത് തടയാനും ഒരുങ്ങുന്നത്.

Post a Comment

Previous Post Next Post