മുക്കം: ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണയുമായി തിരുവമ്പാടി മണ്ഡലത്തിലും കർമ്മപദ്ധതി തയ്യാറാക്കി പ്രവർത്തനമാരംഭിക്കുന്നു.




 ജില്ലയുടെ കിഴക്കൻ മേഖലയെ പൂർണ്ണമായും ലഹരി മാഫിയയുടെ കൈകളിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.കെ കാസിം എം എൽ എ യുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നത്.

ഇതിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ തൂഫാൻ ഡ്രൈവ്
അസംബ്ലി വിത്ത് എം എൽ എ എന്ന പേരിൽ പദ്ധതിയാരംഭിച്ചു. 

ഈ മാസം 23, 24 തിയ്യതികളിലായി
മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുത്ത സ്കൂളുകളിൽ സന്ദർശനം നടത്തും. എം എൽ എ, പോലീസ്, എക്സൈസ്, ജനപ്രതിനിധികൾ അടങ്ങുന്ന സംഘമാണ് പര്യടനം നടത്തുക.

ആദ്യ ദിവസം പുതുപ്പാടിയിൽ നിന്നാരംഭിച്ച് കോടഞ്ചേരി, തിരുവമ്പാടി
പഞ്ചായത്തുകളിൽ സന്ദർശനം നടത്തി കൂടരഞ്ഞിയിൽ സമാപിക്കും.രണ്ടാം ദിവസം കൊടിയത്തൂരിൽ നിന്നാരംഭിച്ച് കാരശ്ശേരിയിലെ സന്ദർശനത്തിന് ശേഷം മുക്കത്ത് സമാപിക്കും.

 തെരെഞ്ഞെടുത്ത സ്കൂളുകൾക്ക് പുറമെ മുഴുവൻ സ്കൂളുകളിലും പ്രതിജ്ഞയെടുക്കുകയും ലഹരി വിരുദ്ധ സന്ദേശം കൈമാറുകയും ചെയ്യും. കുട്ടികൾക്ക് ലഘുലേഖകളും വിതരണം ചെയ്യും.

തുടർന്നുള്ള ദിവസങ്ങളിൽ
വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ റീൽസ് മത്സരവും നടത്തും.

സ്കൂൾ തലങ്ങളിലും തദ്ദേശ സ്ഥാപന തലങ്ങളിലും നിയോജക മണ്ഡലം തലത്തിലും വിജയിക്കുന്നവർക്ക് സമ്മാനങ്ങളും നൽകും. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും അടങ്ങുന്ന തൂഫാൻ വാരിയർ ടീമിനെ സ്കൂളുകൾ കേന്ദ്രീകരിച്ച് രൂപീകരിച്ച് ലഹരി മാഫിയക്കെതിരായ പ്രവർത്തനങ്ങളിൽ പൊതു സമൂഹത്തിൻ്റെ ഇടപെടലും പിന്തുണയും ഉറപ്പ് വരുത്തുകയും ചെയ്യും.

 വീടകങ്ങളിൽ നിന്നാണ് ബോധവൽക്കരണം ആദ്യം ആരംഭിക്കേണ്ടതെന്ന തിരിച്ചറിവിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി കുടുംബശ്രീ സി ഡി എസ്, എഡിഎസ് ഭാരവാഹികളെ പങ്കാളികളാക്കി പ്രവർത്തനം വിപുലപ്പെടുത്തുകയും ചെയ്യും .

പദ്ധതിയുടെ പ്രവർത്തനം ക്രമീകരിക്കുന്നതിനായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സി.കെ കാസിം എം എൽ എ അധ്യക്ഷത വഹിച്ചു. ഒന്നാം ഘട്ടത്തിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ വലിയ ഒരളവ് വരെ ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്ക് തടയിടാൻ കഴിയുന്നതായിരിക്കുമെന്ന് എം എൽ എ പറഞ്ഞു.

 പദ്ധതിക്ക് തുടർ പ്രവർത്തനമുണ്ടാവുമെന്നും എം എൽ എ പറഞ്ഞു.

  ടി.പി അബൂബക്കർ പദ്ധതി വിശദീകരിച്ചു. 
യോഗത്തിൽ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ.കെ.പി ചാന്ദ്നി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ജി.അബ്ദുൽ അക്ബർ, ടി. കവിത, ബിജു താന്നിക്കാകുഴി, ജിതിൻ പല്ലാട്ട് ,കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അലക്സ് തോമസ്, താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാർ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എ.എം ബിനീഷ് കുമാർ, താമരശ്ശേരി സി.ഐ എ.ശ്രീധരൻ, മുക്കം എ ഇ ഒ ടി.ദീപ്തി, താമരശ്ശേരി എ ഇ ഒ പ്രമോദ്, മുക്കം പ്രസ് ക്ലബ് പ്രസിഡൻ്റ് സി. ഫസൽ ബാബു, ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽമാരായ നാസർ ചെറുവാടി, ഒ.വി അനൂപ്, പ്രധാനാധ്യാപകരായ അനിൽ ശേഖർ, സി.കെ ഷമീർ, കാരശ്ശേരി പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.മോയി, നസീബ് ഉള്ളാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post