ഓമശ്ശേരി: പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനായി പുത്തൂർ ഗവ.യു.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് തുടക്കമായി.
കേരള സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂപ്പർ സൗദ ടീച്ചർ നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.
ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ ഫലപ്രദവും ആകർഷകവുമായ പഠനാനുഭവങ്ങൾ ഒരുക്കുകയാണ് ഡിജിറ്റൽ സ്ക്വയർ പദ്ധതിയുടെ ലക്ഷ്യം. കളികളിലൂടെയുള്ള പഠനം, സർഗാത്മകത, സ്വയംപഠനശേഷി, ഡിജിറ്റൽ സാക്ഷരത എന്നിവ വളർത്തുന്നതിനൊപ്പം വിവിധ വിഷയങ്ങളുടെ പഠനവും കൂടുതൽ രസകരമാക്കാൻ പദ്ധതി സഹായിക്കും. കുട്ടികൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിനപ്പുറം അവരുടെ സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കാനും സ്വതന്ത്രമായി അറിവ് നേടാനുള്ള താൽപര്യം വളർത്താനും പദ്ധതി ലക്ഷ്യമിടുന്നു.
വിദ്യാഭ്യാസ ഗെയിമുകൾ, ഭാഷാപഠന സംവിധാനങ്ങൾ, ഡിജിറ്റൽ ചിത്രരചന, സംഗീതം, അനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് പഠനത്തോടൊപ്പം സർഗാത്മകമായ കഴിവുകളും വികസിപ്പിക്കാനാകും.കാഴ്ചപരിമിതിയുള്ളവരും പ്രത്യേക പരിഗണന അർഹിക്കുന്നവരുമായ കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ചടങ്ങിൽ അധ്യാപകരായ ഡോ. കെ. സബീന, പി.കെ. ദീപ, കെ.സി. മുഹമ്മദ് ശാദുലി, കെ.കെ.ഖമറുദ്ദീൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക വി. ഷാഹിന സ്വാഗതവും ഡിജിറ്റൽ സ്ക്വയർ കൺവീനർ ജസീറ ടീച്ചർ നന്ദിയും പറഞ്ഞു.
ഫോട്ടോ:പുത്തൂർ ഗവ:യു.പി.സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ പദ്ധതി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂപ്പർ സൗദ ടീച്ചർ ഉൽഘാടനം ചെയ്യുന്നു.

إرسال تعليق