തിരുവനന്തപുരം: സംസ്ഥാനത്ത് ആൻറി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍) സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടന്നു വരുന്നുവെന്ന് മന്ത്രി വീണ ജോര്‍ജ്. 

രാജ്യത്ത് ആദ്യമായി ആന്റിബയോഗ്രാം പുറത്തിറക്കിയ സംസ്ഥാനമാണ് കേരളം. എഎംആര്‍ സന്ദേശങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി ഇന്ത്യയിലാദ്യമായി കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാതല എ.എം.ആര്‍ കമ്മിറ്റികള്‍ രൂപീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.

ചില ജില്ലകളില്‍ ബ്ലോക്കുതല എ.എം.ആര്‍ കമ്മിറ്റികളും രൂപീകരിച്ചു കഴിഞ്ഞു. എ.എം.ആര്‍ കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

 2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക ദ്രുതകര്‍മ്മ പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

 ഇതുകൂടാതെ ലോക എ.എം.ആര്‍. അവബോധ വാരാചരണത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ശക്തമായ ബോധവത്ക്കരണത്തിനായി ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

നവംബര്‍ 18 മുതല്‍ 24 വരെയാണ് ലോക എ.എം.ആര്‍. അവബോധ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്. 'പ്രിവന്റിങ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ടുഗതര്‍' എന്നതാണ് ഈ വര്‍ഷത്തെ തീം.

 ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ആൻറി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ, ബ്ലോക്ക്, തദ്ദേശസ്ഥാപന തലങ്ങളില്‍ നടത്തേണ്ടതാണ്. വകുപ്പുതല മീറ്റിംഗുകള്‍, ഐ.സി.ഡി.എസ് മീറ്റിംഗുകള്‍, ഇമ്മ്യൂണൈസെഷന്‍ സെഷനുകള്‍, എന്‍.സി.ഡി. ക്ലിനിക്കുകള്‍, ആരോഗ്യ മേളകള്‍, ആരോഗ്യ സ്ഥാപനങ്ങളിലെ ഒ.പി. വിഭാഗം തുടങ്ങി ഉപയോഗപ്പെടുത്താവുന്ന മുഴുവന്‍ വേദികളും അവബോധത്തിനായി ഉപയോഗിക്കണം.

ഏകാരോഗ്യ സമീപനത്തില്‍ എ.എം.ആര്‍ സംബന്ധിച്ച് ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ജില്ലാ, ബ്ലോക്ക്, തദ്ദേശസ്ഥാപന തലങ്ങളില്‍ ക്ലാസുകളും യോഗങ്ങളും സംഘടിപ്പിക്കണമെന്നും മന്ത്രി അറിയിച്ചു.

 

Post a Comment

Previous Post Next Post