കാസര്‍കോട്: നവകേരള സദസിനോട് ജനങ്ങൾ കാണിക്കുന്ന വികാരം മാനിച്ച് കോൺഗ്രസ് തിരുമാനം തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ രണ്ടാം ദിനം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡി.എഫ് കക്ഷികൾ ഈ വിഷയത്തിൽ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുതാണ്. കേരളത്തിന്റെ വരുംകാല അനുഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് നവകേരള സദസിലെ വൻ ജനാവലി. സ്ത്രീ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
സ്ത്രീ സുരക്ഷ കാര്യത്തിൽ കേരളം സ്വീകരിച്ച നിലപാടാണ് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം കൈവരിച്ച സമഗ്രവികസനത്തിന്റെയും സര്‍വതലസ്പര്‍ശിയായ സാമൂഹ്യപുരോഗതിയുടേയും മുന്നേറ്റം കൂടുതല്‍ ഊര്‍ജ്ജിതമായി കൊണ്ടുപോകാനുള്ള ഉറച്ച പിന്തുണയാണ് ഇത്. നമ്മുടെ നാട് വലിയ വെല്ലുവിളികളാണ് നേരിടുന്നത്.
തനതു നികുതിവരുമാനത്തിലും ആഭ്യന്തര ഉൽപാദനത്തിലും അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടും ഫെഡറല്‍ ഘടനയെ തന്നെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമായി ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി നമുക്ക് മുന്നിലുണ്ട്. നാടിന്റെ നന്മയ്ക്കായി ആ നയങ്ങള്‍ക്കെതിരെ സര്‍ക്കാരിനൊപ്പം സ്വാഭാവികമായും ചേരേണ്ട പ്രതിപക്ഷം സര്‍ക്കാരിന്റെ ജനകീയതയെ തകര്‍ക്കാനുള്ള അവസരമായി ദുഷ്ടലാക്കോടെയാണ് അതു കാണുന്നത്.
ഒരു വലിയ വിഭാഗം മാധ്യമങ്ങളും ദൗര്‍ഭാഗ്യവശാല്‍ അവര്‍ക്കൊപ്പം ചേര്‍ന്നു ജനങ്ങളില്‍ നിന്നും നിജസ്ഥിതി മറച്ചുവയ്ക്കുകയാണ്.
അങ്ങനെ മറച്ചുവെക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളെ ധരിപ്പിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന്റെ സമഗ്രത ഉറപ്പാക്കാനുമാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ വി. ശിവൻ കുട്ടി, വി.എൻ. വാസവൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Post a Comment